ഇന്ത്യയും യുഎഇയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതില്‍ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് നിര്‍ണായക പങ്ക് വഹിക്കുന്നു
അബുദാബി : യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദം ബന്ധം കാത്തുസൂക്ഷിക്കുന്ന ഭരണകര്‍ത്താവാണ്.
ഇന്ത്യാ -യുഎഇ ബന്ധത്തില്‍ വ്യാപാരത്തിനുമപ്പുറമുള്ള ആത്മബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നയാളുമാണ്.
യുഎഇയുടെ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണവും സൈന്യത്തിന്റെ മേല്‍നോട്ടവും വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇന്ത്യയുമായി അടുത്തത് 2014 ലാണ്.
പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന് അനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ചുമതലകള്‍ നിര്‍വഹിച്ചു വന്നത് ഷെയ്ഖ് മുഹമദ് ആയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്തു. മൂന്നര പതിറ്റാണ്ടിനു ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി യുഎഇ സന്ദര്‍ശിച്ചത്. രണ്ടാം സന്ദര്‍ശത്തില്‍ പ്രധാനമന്ത്രി മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.
മതസഹിഷ്ണുതയുടെ പ്രതീകമായി അബുദാബിയില്‍ ഹിന്ദുക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് ലോക പ്രശംസ നേടി.
തുടര്‍ന്ന് 2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദിനെ ഇന്ത്യ ക്ഷണിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെയാണ് സമഗ്ര സാമ്പത്തിക കരാര്‍ ഒപ്പിട്ടിരുന്നു.
ഇപ്പോള്‍ പൂര്‍ണ ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ഊഷ്മളമായ ബന്ധത്തിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്.
മേഖലയുടെ സമാധാനത്തിനായി സൗദി അറേബ്യയുമായി ചേര്‍ന്ന് സഖ്യ സേന രൂപികരിക്കുകയും യെമനിലെ വിമതരെ നിഷ്‌കാസനം ചെയ്ത് പുതിയ മന്ത്രിസഭയെ അധികാരമേല്‍പ്പിക്കുകയും ചെയ്തു.
ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലും ഷെയ്ഖ് മുഹമദ് നിര്‍ണായക പങ്ക് വഹിച്ചു.
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായി മാറിയ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് മേഖലയുടെ വികസനത്തിനും സമാധാനത്തിനും മുന്‍കൈ എടുത്ത് പ്രസിഡന്റ് എന്ന നിലയില്‍ യുഎഇയുടെ ഭരണസാരഥ്യം സമര്‍ത്ഥമായി നിറവേറ്റുമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.