ഷിരൂർ: കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഷിരൂരിൽ മഴമുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.
ഗംഗാവലി പുഴയിൽ ഇതുവരെ അടിയൊഴുക്ക് കുറഞ്ഞില്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്. നാവിക സേന ജില്ലാ ഭരണ കൂടത്തിനു നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുക.
കർണാട സർക്കാരിന്റെ നിർദേശ പ്രകാരം ഉത്തരകന്നഡ ജില്ല ഭരണ കൂടം സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് കഴിഞ്ഞ ആഴ്ച ഡ്രെഡ്ജിങ്ങിനുള്ള തുക കൈമാറിയിരുന്നു.
അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു. കാർവാർ എംഎൽഎ സതീഷ് സെയിലിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ ഗംഗാവലി പുഴയിലെ തിരച്ചിൽ നാവിക സേന നിർത്തി വെച്ചത്. അടി ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നിൽക്കുന്ന ഘടകം.
ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ ഉൾപ്പടെ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ 11പേർ മരണപ്പെട്ടിരുന്നു. അതിനിടയിൽ അർജുന്റെ മൃതദേഹം ലഭിച്ചു എന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. അർജുന്റെ മൃതദേഹം എന്ന തരത്തിൽ ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ചിത്രം മറുഭാഗത്തെ മാടങ്കരി എന്ന ഗ്രാമത്തിലുള്ള സെന്നിഗൗഡ എന്ന സ്ത്രീയുടേതായിരുന്നു.