ഷാർജ: എമിറേറ്റിലെ കായിക താരങ്ങൾക്കും ക്ലബുകൾക്കും മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി നിർമിക്കാൻ അനുമതി. പദ്ധതിയുടെ രൂപകൽപനയും നിർമാണ സ്ഥലവും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽ ത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകരിച്ചു. ഷാർജ റേഡിയോയിലും ടെലിവിഷനിലും അവതരിപ്പിച്ച ‘ഡയറക്ട്ലൈൻ’ പ്രോഗ്രാമിന്റെ ഫോൺ അഭിമുഖത്തിനിടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും ഷാർജ പൊതുമരാമത്ത് (എസ്.ഡി.പി.ഡബ്ല്യു) തലവ നുമായ അലി ബിൻ ഷഹീൻ അൽ സുവൈദിയാണ് ഇക്കാര്യം അറിയിച്ചത്.
ടീം മത്സരങ്ങളും വ്യക്തിഗത കായിക ഇനങ്ങളും നടത്താനാവുന്ന വിധത്തിൽ നാല് സ്പോർട്സ് കോംപ്ല ക്സുകളാണ് പുതിയ സ്പോർട്സ് സിറ്റിയിൽ ഉൾപ്പെടുന്നത്.
നഗരത്തിലേക്കുള്ള നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന ഒരു സെൻട്രൽ സ്ക്വയർ ഉൾപ്പെടുന്ന നഗരത്തിന്റെ രൂപകൽപന ഷാർജ ഭരണാധികാരി വ്യക്തിപരമായി വരച്ചിട്ടുണ്ടെന്ന് സുവൈദി വിശദീകരിച്ചു. അൽ മദാമിൽ നിന്നുള്ള റോഡ്, അൽ ബദായേറിലേക്കുള്ള റോഡ്, മഹാഫിസിലേക്കും അൽ ബത്തായിയിലേക്കും പോകുന്ന റോഡ്, ഷാർജ സ്പോർട്സ് സിറ്റിയിൽനിന്നുള്ള റോഡ് എന്നിവയാണ് ഈ പാതകൾ. സ്ക്വയറിന്റെ മധ്യഭാഗത്ത് ‘സ്പോർട്സ് സിറ്റി സ്റ്റേഡിയം’ ആയിരിക്കും.
ഒരു വാസ്തുവിദ്യാ ഐക്കണായിട്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു പക്ഷി മണൽത്തിട്ടകൾക്ക് മുകളിലൂടെ ഉയരുന്നു എന്ന ആശയമാണ് ഇതിൽ പ്രകടമാകുക.
അതിന്റെ ഘടനക്ക് രണ്ട് ഭാഗങ്ങളുണ്ടാകും. പ്ലാറ്റ്ഫോമും ഗ്രാൻഡ്സ്റ്റാൻഡും. ചുറ്റുമുള്ള പ്രദേശത്തെ മണൽത്തിട്ടകളോട് സാമ്യമുള്ളതാണ് ഇതിലൊന്ന്. രണ്ടാമത്തേത് ചിറകുകൾ നീട്ടിയ പക്ഷിയുടെ ആകൃതിയിലുള്ള വലിയ മേൽക്കൂരയുള്ളതും. ഇതിന്റെ നിറം പകൽ സമയത്തിനനുകരിച്ച് മാറും. സൂര്യപ്രകാശം പ്രതിഫലിക്കുമ്പോൾ രാവിലെ വെള്ളി നിറവും രാത്രി സ്വർണ ചുവപ്പ് നിറവുമായിരിക്കും.