ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്തുന്നതിന് പരിമിതികളുണ്ടെന്ന് യോഗം വിലയിരുത്തി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനാവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടര്‍ നടപടികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഈ വര്‍ഷം വളരെ കുറച്ച് തീര്‍ത്ഥാടകരെയേ ദര്‍ശനത്തിന് അനുവദിക്കാനാകുകയുള്ളൂ. പോലീസ് വകുപ്പിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ തീര്‍ത്ഥാടകരുടെ പ്രവേശനം നിയന്ത്രിക്കും. കോവിഡ്-19 രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ ഇത്തവണത്തെ തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രോഗ വ്യാപനം ഉണ്ടാകാത്ത രീതിയില്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. നിലയ്ക്കലില്‍ കോവിഡ് ചികിത്സയ്ക്കെടുത്തിരിക്കുന്ന കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം, തീര്‍ത്ഥാടന കാലത്തിന് മുന്‍പായി ഒഴിഞ്ഞു നല്‍കണമെന്നും എന്‍. വാസു ആവശ്യപ്പെട്ടു. കടകള്‍ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറയുകയാണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനം തീര്‍ത്ഥാകര്‍ക്ക് ലഭ്യമാക്കുന്നതിനും യോഗം തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ദിവസ വേതന ജീവനക്കാര്‍ക്കും ആവശ്യമായ താമസസൗകര്യം ഒരുക്കും.