ദോഹ: വ്യോമയാന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍ എയര്‍വേസ്. കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേസില്‍ പറന്നത്. ഈ വര്‍ഷം അത് അഞ്ച് കോടിയിലെത്തുമെന്നാണ് കണക്ക്. 2030 ഓടെ പ്രതിവര്‍ഷം എട്ട് കോടി യാത്രക്കാരുമായി പറക്കാനാകുമെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ എഞ്ചിനീയര്‍ ബദര്‍ അല്‍ മീര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. 250 ലേറെ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസിനുള്ളത്.
അടുത്ത രണ്ട് വര്‍ഷത്തിനിടെ ഇരുനൂറോളം വിമാനങ്ങള്‍ എയര്‍ ബസില്‍ നിന്നും ബോയിങ്ങില്‍ നിന്നുമായി ലഭിക്കുകയും ചെയ്യും. കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായി ഈ കമ്പനികളുമായി ഖത്തര്‍ എയര്‍വേസ് വിലപേശല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.അതേ സമയം ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് പകരം സ്ഥായിയായ വളര്‍ച്ചയാണ് ലക്ഷ്യമെന്ന് ബദര്‍ അല്‍ മീര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന രീതിയിലായിരിക്കും സര്‍വീസ്. പെട്ടെന്നുള്ള വളര്‍ച്ചയ്ക്ക് സുസ്ഥിരതയുണ്ടാകില്ല, പെട്ടെന്ന് വളര്‍ന്ന പല കമ്പനികളും യാത്രക്കാര്‍ക്ക് നിരക്കിന് അനുസരിച്ചുള്ള സേവനങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
