ദോഹ : താല്‍ക്കാലികമായി അടച്ച ഖത്തറിന്റെ വ്യോമപാത വീണ്ടും തുറന്നു. വ്യോമഗതാഗതം സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ട് 7 മണിയോടെ സുരക്ഷാ കാരണങ്ങളാല്‍ ഖത്തര്‍ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകദേശം അഞ്ച് മണിക്കൂര്‍ വരെ നിര്‍ത്തലായിരുന്നെങ്കിലും വ്യോമപാത പുനഃസ്ഥാപിച്ചതോടെ വിമാനത്താവളം പതിവ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങി.
സൈനികതാവളത്തിന് മേല്‍ ആക്രമണ ഭീഷണി
ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ ഉദൈദ് എയർബേസിന് നേരെ ഇറാന്റെ മിസൈൽ ആക്രമണ ഭീഷണി ഉയർന്നതിനെ തുടർന്നാണ് വ്യോമപാത അടച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന മിസൈൽ ആക്രമണത്തെ ഖത്തർ സുരക്ഷാസേന വിജയകരമായി പ്രതിരോധിച്ചു.
ആളപായമില്ലെന്ന് ഖത്തർ സ്ഥിരീകരിച്ചു
ആരുടേയും ജീവന് കേടുപാടുണ്ടായിട്ടില്ലെന്നും, പരിക്കേറ്റവരില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഭീഷണി നിലനിന്നിരുന്നിട്ടും സംയമനത്തോടെയാണ് ഖത്തർ ഈ സാഹചര്യത്തെ കൈകാര്യം ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.