ദുബൈ: അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് ആൽ നഹ്യാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ ശൈഖ് തഹ്നൂനെ ആദരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് ഉന്നത യു.എസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയത്. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷം ആദ്യമായാണ് യു.എ.ഇയുടെ ഉന്നത ഭരണനേതൃത്വം അമേരിക്കയിലെത്തുന്നത്. കൂടിക്കാഴ്ചയിൽ ശൈഖ് തഹ്നൂൻ, അമേരിക്കൻ പ്രസിഡന്റിനും അമേരിക്കൻ ജനതക്കും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആശംസകൾ അറിയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ യു.എ.ഇയും യു.എസും തമ്മിലുള്ള ദീർഘകാലങ്ങളായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ സംബന്ധിച്ച ചർച്ച നടന്നു. നിർമിതബുദ്ധി, സാങ്കേതികവിദ്യ, അടിസ്ഥാനസൗകര്യം, ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ നിക്ഷേപം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണത്തിന്റെ മേഖലകൾ വിശാലമാക്കാനും യു.എ.ഇ പ്രതിജ്ഞബദ്ധമാണെന്ന് ശൈഖ് തഹ്നൂൻ പറഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കരുത്ത് പകരുന്നതും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ശൈഖ് തഹ്നൂന്റെ സന്ദർശന ചിത്രങ്ങൾ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ട്രംപ്, മിഡിലീസ്റ്റിലും ലോകത്തുതന്നെയും സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നതിലുള്ള പരിശ്രമങ്ങളിൽ യു.എസും യു.എ.ഇയും ദീർഘകാല പങ്കാളികളാണെന്ന് കുറിച്ചു. യു.എസ് സന്ദർശനത്തിന്റെ ഭാഗമായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, യു.എസ് ദേശീയ സുരക്ഷ ഉപദേശഷ്ടാവ് മിഷേൽ വാൾട്സ് തുടങ്ങിയവരുമായും ശൈഖ് തഹ്നൂൻ കൂടിക്കാഴ്ച നടത്തി. നേരത്തേ യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ, സഹമന്ത്രിയും യു.എസിലെ യു.എ.ഇ അംബാസഡറുമായ യൂസുഫ് അൽ ഉതൈബ എന്നിവർ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
