മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിതാണോയെന്ന് സംശയം. മൃതദേഹത്തിലെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെതായി സൂചന.
കൊച്ചി: കളമശ്ശേരി മുട്ടാര്‍ പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ ക്കഹോളിന്റെ അംശം കണ്ടെത്തിയെതായി സൂചന. മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി മുട്ടാര്‍ പുഴയില്‍ തള്ളിയിട്ടതാണോയെന്ന് ഇതോടെ സംശയം ബലപ്പെട്ടു.
അതേസമയം, വൈഗയുടെ പിതാവ് സനു മോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂര്‍ മൂകാംബികയും മംഗ ളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. മൂകാംബികയിലെ ഹോട്ടല്‍ മുറിയില്‍ സനു മോഹന്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുറി വാടക നല്‍കാതെ ഇന്നലെ രാവിലെയാണ് സനുമോഹന്‍ ഇവിടെ നിന്ന് കടന്നു കളഞ്ഞത്. ഹോട്ടലില്‍ നല്‍കിയ ആധാര്‍ കാര്‍ഡില്‍ നിന്നാണ് കേരള പൊലീസ് തിരയുന്ന സനുമോഹനാണിതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്
മൂകാംബികയിലും പരിസരങ്ങളിലും മൂന്ന് സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് തെരച്ചില്‍ തുടരുന്നത്. ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രീതീക്ഷയിലാണ് പൊലീസ്. മൂകാംബികയിലെത്തിയ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്. കര്‍ണാടകയിലെ റെയില്‍വേ സ്റ്റേഷനുകളിലും വിമാനതാവളങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കി. സനുമോഹന്‍ മൂകാംബികയില്‍ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സനുമോഹനെ കണ്ടെത്താന്‍ നാല് ഭാഷകളില്‍ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.