യാംബു : കടുത്ത വേനൽക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ, പൊരിവെയിലിൽ പുറംജോലികൾക്ക് കർശന നിയന്ത്രണങ്ങളോടെ സൗദി അറേബ്യയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ പ്രവേശിച്ചു. ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് പുറത്ത് ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ നിയമം ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ സാധുവായിരിക്കും. പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. നേരിട്ട് സൂര്യപ്രകാശം ഏറ്റെടുക്കേണ്ട ജോലി ചെയ്യുന്നവർക്കാണ് പ്രധാനമായും ഈ നിയന്ത്രണം ബാധകമാകുന്നത്.
നിയമലംഘകർക്ക് ശിക്ഷ ഉറപ്പ്
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും, തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തൊഴിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ ആവിഷ്‌കരിച്ചത്.
തൊഴിലാളികളുടെ ആരോഗ്യമാണ് മുഖ്യലക്ഷ്യം
കടുത്ത ചൂടിൽ നിന്നുമുള്ള രോഗങ്ങളും അസ്വസ്ഥതകളും ഒഴിവാക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുമാണ് ഈ നടപടി. തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവുമാണ് സർക്കാരിന്റെ മുൻഗണന.
ചൂട് റെക്കോർഡ് താണ്ടുന്നു
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച്, കിഴക്കൻ പ്രവിശ്യകളിലും റിയാദ്, മക്ക, മദീന തുടങ്ങിയ ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുന്ന സാഹചര്യം തുടരുകയാണെന്നും, ജിസാൻ, അസീർ മേഖലകളിൽ ഇടിമിന്നലോടെയും മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം.











