കനത്ത മഴയെ തുടര്‍ന്ന് പെട്ടെന്ന് ഉണ്ടാകുന്ന വാദികള്‍ അപകടത്തിന് വഴിവെയ്ക്കുന്നതാണ്. ജാഗ്രത ഇല്ലാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് അറസ്റ്റ്
മസ്‌കത്ത് : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വാദിയിലൂടെ എസ് യുവി ഓടിച്ച നാലു യുവാക്കളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇവര്‍ മലവെള്ളപ്പാച്ചില്‍ വകവെയ്ക്കാതെ വാഹനം ഓടിച്ചു പോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് നാലു സ്വദേശി യുവാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. സാമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ സ്റ്റണ്ട് പ്രചരിപ്പിക്കാനായി ബോധപൂര്‍വ്വം കുത്തിയൊലിക്കുന്ന വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇവരെന്ന് പോലീസ് ആരോപിച്ചു.
വാദി ബാനി ഘാഫിറിലെ കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചില്‍ മറികടക്കുന്ന വീഡിയോയാണ് വൈറലായത്. വാഹനം വെള്ളക്കെട്ടില്‍ ഇറക്കിയ ഉടനെ നിയന്ത്രണം വിട്ട് ഒഴുകുന്നതും വാഹനത്തിനുള്ളില്‍ വെള്ളം കയറുന്നതായുമാണ് വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ഇത് വളരെ അപകടം പിടിച്ച സ്റ്റണ്ടാണെന്നും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കാവുന്ന നടപടിയാണെന്നും പോലീസ് പറഞ്ഞു. മറ്റുള്ളവര്‍ ഇത് അനുകരിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
മഴയെത്തുടര്‍ന്ന് മലയോര മേഖലകളില്‍ വാദികള്‍ പ്രത്യക്ഷപ്പെടുക സാധാരണമാണ്. വാഹനം ഓടിച്ച് ഇത് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പലരും അപകടത്തില്‍പ്പെട്ടതായും മരണം സംഭവിച്ചതായുമുള്ള റിപ്പോര്‍ട്ടുകളും സാധാരണമാണ്. ഇക്കാരണത്താലാണ് പോലീസ് ശക്തമായ നടപടി ഇക്കൂട്ടര്‍ക്കെതിരെ സ്വീകരിക്കുന്നത്.