കുവൈത്ത് സിറ്റി: നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഇത് നല്ല സമയം. ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. മാസങ്ങളായി ദീനാറിന് മികച്ച നിരക്ക് കിട്ടുന്നുണ്ട്. വെള്ളിയാഴ്ച ഒരു ദീനാറിന് 283ന് മുകളിൽ ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. അടുത്തിടെ എത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ദിവസങ്ങൾക്കു മുമ്പും 283 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് നേരിയ നിലയിൽ താഴ്ന്നെങ്കിലും വെള്ളിയാഴ്ച ഉയർന്നു. മാസം അവസാനത്തിൽ ദീനാറിന് ഇന്ത്യൻ രൂപയിലേക്ക് മാറുമ്പോൾ ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസകരമാണ്. ശമ്പളം ലഭിക്കുന്നത് ഉയർന്ന നിരക്കിൽ നാട്ടിലേക്ക് കൈമാറാം.
നിരക്ക് ഉയരുന്നത് ചെറിയ തുകകൾ അയക്കുന്നവരിൽ വരെ മാറ്റം ഉണ്ടാക്കും. വലിയ സംഖ്യകൾ ഒന്നിച്ച് അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും. എക്സി റിപ്പോർട്ടു പ്രകാരം 283 ന് മുകളിൽ ഇന്ത്യൻ രൂപയാണ് ഒരു ദീനാറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതാണ് കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലെ വര്‍ധനക്ക് കാരണം.
വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവാണ് രൂപക്കുണ്ടായത്. 87.33 എന്ന നിലയിലേക്കാണ് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപ താഴ്ന്നത്. കഴിഞ്ഞ ദിവസമാണ് രൂപ 87 കടന്നത്. ചൊവ്വാഴ്ച 47 പൈസയുടെ നഷ്ടം നേരിട്ടിരുന്നു. 87.19ലാണ് ചൊവ്വാഴ്ച രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും മാസാവസാനമായത് കൊണ്ട് ഇറക്കുമതിക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് കാരണം. കുവൈത്ത് ദിനാറിനൊപ്പം ഒമാൻ റിയാൽ, ബഹ്റൈൻ ദീനാർ, ഖത്തർ റിയാൽ, സൗദി റിയാൽ എന്നിവയുടെ രൂപയുമായുള്ള വിനിമയനിരക്കും വർധിച്ചിട്ടുണ്ട്.
