അപ്രതീക്ഷിത സമ്മാനം ലോട്ടറിയിലൂടെ ലഭിച്ചതിന്റെ ഞെട്ടലിലും ആഹ്‌ളാദത്തിലുമാണ് ഈ പ്രവാസി യുവാവ്.
ദുബായ് : വിവാഹപ്പിറ്റേന്ന് പത്തു ലക്ഷം ദിര്‍ഹം ( 22 കോടി രൂപ) സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള റിസി (26).
ഏറെക്കാലയമായി ഒരുമിച്ച് താമസിക്കുന്ന പ്രണയിനിയെ ഔദ്യോഗികമായി മിന്നുകെട്ടി സ്വന്തമാക്കിയതിന്റെ പിറ്റേന്ന് ഇരട്ടിമധുരമായാണ് മെഹ്‌സൂസിന്റെ പത്തു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്.
ദുബായില്‍ ജിംനേഷ്യത്തില്‍ മാനേജരായി ജോലി ചെയ്യുകയാണ് റിസി. ലണ്ടനില്‍ നിന്ന് നാലു വര്‍ഷം മുമ്പാണ് റിസി ഇവിടെയെത്തിയത്.
സ്വന്തം നാട്ടുകാരിയായ യുവതിയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. പ്രണയം വിവാഹത്തിനു വഴിമാറിയതിനു തൊട്ടുപിറ്റേന്നാണ് മെഹ്‌സൂസിന്റെ പത്തുലക്ഷം സമ്മാനമായി ലഭിച്ചെന്ന സന്ദേശം എത്തിയത്.
ടെലിഫോണ്‍ കോളിലൂടെ സമ്മാനം ലഭിച്ച വിവരം കേട്ടെങ്കിലും ഇത് വിശ്വസിക്കാനാവാതെ കുഴങ്ങുകയായിരുന്നു റിസി. പിന്നീട് ഫോണ്‍ ഭാര്യക്ക് കൊടുക്കുകയായിരുന്നു. മെഹസൂസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞയാളാണ് സമ്മാനം അടിച്ചതും മറ്റും വിവരിച്ച് ഇവരെ വസ്തുതയാണെന്ന് ധരിപ്പിച്ചത്.
മൂന്നു ഇന്ത്യക്കാര്‍ ഉള്‍പ്പടെ ആറോളം പ്രവാസികള്‍ക്ക് പത്തു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചിട്ടുണ്ട്. പാക് സ്വദേശി ജുനൈദിന് 50 മില്യണ്‍ ദിര്‍ഹം അടിച്ച് നേടിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനം.












