തിരുവനന്തപുരം : ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐ ഫോണ്‍ പണം നല്‍കി വാങ്ങിയതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും സ്വര്‍ണക്കടത്ത് വിവാദത്തിലൂടെ പാര്‍ട്ടിയെ ശിഥിലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെങ്ങനെ അത് വിനോദിനിയുടെ കയ്യിലെന്ന് പറയാന്‍ കഴിയുമെന്ന് കോടിയേരി ചോദിച്ചു. സൃഷ്ടിച്ചെടുക്കുന്ന കഥയും പ്രചാരണവുമാണ് ഇപ്പോഴുള്ളത്. ഇമെയിലായോ വാട്‌സ്ആപ്പ് വഴിയോ നോട്ടീസ് അയച്ചെന്ന് പറയുന്നതിലും കഥയില്ല. അത്തരമൊന്ന് കിട്ടിയിട്ടില്ല. കിട്ടുമ്പോള്‍ ബാക്കി നോക്കാമെന്നും നോട്ടീസ് കിട്ടിയാല്‍ നിയമപരമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണത്തിന് പിന്നാലെ പോയി ഒന്നും നടക്കാതിരുന്നപ്പോഴാണ് ഐ ഫോണില്‍ പിടിച്ചത്. മകന്‍ ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അവന്റെ ഭാര്യ ഉപയോഗിക്കുന്ന ഫോണായിരുന്നു പിടിച്ചെടുത്തത്. വിനോദിനി ഉപയോഗിക്കുന്നത് പണം കൊടുത്തു വാങ്ങിയ ഫോണാണ്. അതിന്റെ ബില്ലും കയ്യിലുണ്ട്. ബോധപൂര്‍വം പുകമറയുണ്ടാക്കുന്നു.
പ്രതിപക്ഷ നേതാവിന് ഫോണ്‍ കൊടുത്തെന്ന് പറഞ്ഞത് സന്തോഷ് ഈപ്പനാണ്. അതില്‍ കഥയില്ലെന്ന് കണ്ടപ്പോള്‍ ആരോപണം ഉപേക്ഷിക്കുകയും ചെയ്തു. ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കലാണ്. അഞ്ചാറ് മാസമായി അതിനുള്ള ശ്രമം നടക്കുന്നു. ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയാണ്. അങ്ങനെയാണ് ഓഫീസിലേക്ക് വിവാദം എത്തിയത്. മറ്റ് പല സംസ്ഥാനങ്ങളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭരണം ശിഥിലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് തന്നെയാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രമാണ് കേരളത്തിലും പയറ്റിയത്. ജയില്‍ കാണിച്ച് വിരട്ടാമെന്ന് കരുതിയാല്‍ കേരളത്തിലുള്ളവരെ അതിന് കിട്ടില്ല. ജയിലാര്‍ക്കും പുതിയ അനുഭവമല്ല. രാഷ്ട്രീയവും നിയമപരവുമായി ഇതിനെനേരിടും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരോട് വിരട്ടൊന്നും നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
സന്ദീപ് നായരുടെ കത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പാര്‍ട്ടി നേതൃത്വം എല്ലാവര്‍ ക്കും എതിരെ ആസൂത്രിത നീക്കം നടക്കുന്നു. എല്ലാവരേയും മോശക്കാരാക്കി ചിത്രീകരിക്കാനാണ് ശ്രമം. സന്തോഷ് ഈപ്പന്റെ പേര് കേള്‍ക്കു ന്നത് വിവാദം ഉണ്ടായപ്പോഴാണ്. സ്വപ്ന സുരേഷിനെ പരിചയവും ഇല്ല. ഒരിക്കലും കണ്ടിട്ടില്ല. പിന്നെങ്ങനെയാണ് ഫോണ്‍ കിട്ടുക. മാത്രമല്ല ആ ഫോണ്‍ കയ്യിലുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറയുന്നു. വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുത അറിയണം.വിവാദത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.











