Web Desk
കേരളത്തിൽ ബുധനാഴ്ച 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേർ മരിച്ചു. വിദേശ രാജ്യങ്ങളിൽ 277 മലയാളികളാണ് മരിച്ചത്. ബുധനാഴ്ച പോസിറ്റീവായവരിൽ 33 പേർ വിദേശത്തു നിന്നു വന്നവരാണ്. 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ. സമ്പർക്കം മൂലം 3 പേർ രോഗബാധിതരായി.
കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച് നോക്കുമ്പോള്‍ – തിരുവനന്തപുരം 3, കൊല്ലം 14, പത്തനംതിട്ട 1, ആലപ്പുഴ 1, കോട്ടയം 4, എറണാകുളം 5, തൃശൂർ 8, മലപ്പുറം 11,പാലക്കാട് 6, കോഴിക്കോട് 6, വയനാട് 3, കണ്ണൂർ 4,കാസർകോട് 9.
കോവിഡ് സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാൻ നടപടി ആവശ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്ക് ശീലമാക്കൽ, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കൽ, റിവേഴ്സ് ക്വാറന്റീൻ എന്നിവ നല്ല രീതിയിൽ നാം നടപ്പാക്കി. ഇതു തുടർന്നും ചെയ്തു കഴിഞ്ഞാൽ രോഗബാധ തടഞ്ഞു നിർത്താം. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണം.
കോവിഡ് ഒന്നാംതരം ചികിത്സാ കേന്ദ്രം, കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്‍റ് കേന്ദ്രം എന്നിങ്ങനെ ആരംഭിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലം കോവിഡ് ഇതര രോഗ ചികിത്സ തുടങ്ങി. സ്വകാര്യ ലബോറട്ടറികളിലെ ടെസ്റ്റിനുള്ള ചെലവ് സർക്കാർ നിശ്ചയിക്കണമെന്നാണു വിദഗ്ധ സമിതി നിർദേശം. അതിൽ സർക്കാർ ആലോചിച്ച് നടപടി സ്വീകരിക്കും. 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് ആരംഭിക്കും. യാത്രാനിയന്ത്രണത്തിൽ ഇളവ് വന്നപ്പോൾ രോഗബാധിതർ കൂടി.