ദുബായിയിലുള്ള വിജയ് ബാബു നാളെ കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു
കൊച്ചി : ബലാല്‍സംഗ കേസ്സില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നുവെന്നാണ് കോടതി ഉത്തരവ്.
വിജയ് ബാബു കൊച്ചിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റഡിയില്‍ എടുക്കാനുമാകില്ല.
മറ്റന്നാള്‍ വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറ്റന്നാള്‍ കേസ് വീണ്ടും പരിഗണിക്കും.
തിരിച്ചെത്തിയാലുടന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേസ് അന്വേഷിക്കുന്ന കേരള പോലീസ് വിജയ് ബാബുവുമായി ഒത്തുകളിക്കുകയാണോയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചു.
കേസ് അന്വേഷിക്കുന്ന പോലീസിന് വലിയ വീഴ്ച സംഭവിച്ചുവെന്നും കോടതി നിരീക്ഷിച്ചു, വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബുവിനെ പോലീസോ ഇമിഗ്രേഷന്‍ വിഭാഗമോ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്തരവിന്റെ പകര്‍പ്പ് കേന്ദ്ര-സംസ്ഥാന വകുപ്പുകള്‍ക്ക് എത്തിച്ച് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള വിമാനത്തില്‍ വിജയ് ബാബു കൊച്ചിയില്‍ എത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.
പുതുമുഖ നടിയെ പ്രലോഭിച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസ് കേസ്. എന്നാല്‍, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് വിജയ് ബാബു അവകാശപ്പെടുന്നത്.