ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍
മനാമ : സ്വിസ് ഏജന്‍സിയായ ഐക്യുഎയര്‍ പുറത്തു വിട്ട 2021 ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ മോശം വായു നിലവാരമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ് രാജ്യങ്ങളായ ഒമാനും ബഹ്‌റൈനും ഉള്‍പ്പെട്ടു.
ആഗോള തലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ടവറുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലീനീകരണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാജ്യാന്തര തലത്തില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയ വായുവാണ് ഏറ്റവും മോശം നിലവാരമുള്ള പത്ത് രാജ്യങ്ങളുടെ പട്ടികയില്‍.
പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഒമാനിലെ അന്തരീക്ഷ വായുവിന്റെ നിലവാരം ക്യുബിക് മീറ്ററിന് 53.9 ആണ്. ബഹ്‌റൈന്‍ എട്ടാം സ്ഥാനത്താണ്, ക്യുബിക് മീറ്ററിന് 49.8 ആണ്.
ഏറ്റവും മോശം ബംഗ്ലാദേശിലേതാണ്. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണുള്ളത്.
ശുദ്ധവായു മനുഷ്യന്റെ മൗലികാവകാശമാണെന്നും ആരോഗ്യമുള്ളതും ക്രിയാത്മകവുമായ സമൂഹത്തിന് അത്യാന്താപേക്ഷിതവുമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
നിലവാരമില്ലാത്ത വായു മൂലം ലോകത്ത് പത്തുലക്ഷത്തിലേറെ പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇവരില്‍ 40,000 കുട്ടികളും ഉള്‍പ്പെടും. യുഎഇ പതിനഞ്ചാം സ്ഥാനത്തും സൗദി അറേബ്യ 21 ാം സ്ഥാനത്തുമാണ്. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള ഡേറ്റയാണ് ഇതിനുപയോഗിച്ചത്.












