രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടര ലക്ഷം കടന്നതിനിടെയാണ് എയിംസ് ഡയറക്ടറും കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രണ്‍ദീപ് ഗുലേറിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി : കോവിഡ് വായുവിലൂടെയും പകര്‍ന്നേക്കാമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് കോവിഡ് ദൗത്യസംഘാംഗം കൂടിയായ ഡോ.ഗുലേറിയ പറഞ്ഞു. സര്‍ജിക്കല്‍ മാസ്‌കോ, ഡബിള്‍ ലെയര്‍ മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണം.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഇതാദ്യമായി രണ്ടര ലക്ഷം കടന്നതിനിടെയാണ് ഗുലേറിയുടെ മുന്നറിയിപ്പ്. 2,61,501 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1,501ഓളം പേര്‍ക്ക് ഇന്നലെ മാത്രം ജീവഹാനി സംഭവിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,77,150 ആയി ഉയര്‍ന്നു. 18,01,316 സജീവ കേസുകളുണ്ട്. രണ്ടാം തരംഗത്തില്‍ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന ഇന്ത്യന്‍ വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.