ഐ ഗോപിനാഥ്
കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിന്റെ പ്രബുദ്ധതക്കുനേരെ ഉയരുന്ന ചൂണ്ടുവിരലുകളുടെ എണ്ണം കൂടുകയാണ്. സമത്വം, സാഹോദര്യം, സോഷ്യലിസം എന്നെല്ലാം ഒരു വശത്തു കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിന്റെ മറുവശം എത്രമാത്രം ജീര്‍ണ്ണമാണെന്ന യാഥാര്‍ത്ഥ്യമാണ് മൂടിവെക്കുന്നത്. എന്നാല്‍ എത്രമൂടിവെച്ചാലും ഇടക്കിടെ ആ ജീര്‍ണ്ണതകള്‍ പൊട്ടി പുറത്തുവരും. അത്തരൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ നിന്നു നാം കേട്ടത്. മഹാരാജാസ് കോളേജില്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയില്‍ ഇന്നും നിലനില്‍ക്കുന്ന അയിത്തത്തെയാണ് ഉദ്ദേശിക്കുന്നത്.
ഈ ആധുനികകാലത്തും ചക്ലിയര്‍ പോലുള്ള സമുദായങ്ങള്‍ക്ക് ബാര്‍ബര്‍ ഷാപ്പുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നത് വട്ടവടയില്‍ സ്വാഭാവിക സംഭവം മാത്രം. അടുത്ത ദിവസം വരെ ഒരു രാഷ്ട്രീയപ്രസ്ഥാനമോ സാംസ്‌കാരിക പ്രസ്ഥാനമോ വ്യക്തികളോ അതേകുറിച്ച് വ്യാകുലതായിരുന്നില്ല. സംഭവം പുറത്തുവന്നപ്പോള്‍ പതിവുപോലെ കോലാഹലമായി. പഞ്ചായത്ത് ഇടപെട്ടു. അയിത്തം നിലനില്‍ക്കുന്ന ബാര്‍ബര്‍ ഷാപ്പുകള്‍ പൂട്ടിച്ചു. പഞ്ചായത്തിന്റെ മുന്‍കൈയില്‍ ആര്‍ക്കും കയറി ചെല്ലാവുന്ന ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ സ്ഥാപിച്ച് ഉദ്ഘാടനവും മറ്റും നടത്തി. അവിടേയും കേട്ടു പ്രബുദ്ധകേരളത്തെ കുറിച്ചുള്ള വാചാടോപങ്ങള്‍. എന്നാല്‍ ഇത്രയും കാലം ഈ കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കുന്നതിനെ കുറിച്ചൊന്നും കേട്ടില്ല.

വാസ്തവത്തില്‍ ബാര്‍ബര്‍ ഷാപ്പുകളില്‍ മാത്രമല്ല അയിത്തം നിലനില്‍ക്കുന്നതെന്ന് അവിടെ സന്ദര്‍ശിച്ച് എം ഗീതാനന്ദന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പറയുന്നു. സമസ്തമേഖലകളിലും അതുനിലനില്‍ക്കുന്നു. ഭരണകൂട സംവിധാനവും പഞ്ചായത്ത് ഭരണസംവിധാനങ്ങളും ജാതിവിവേചനം നിലനിര്‍ത്തുന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തൊഴില്‍, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം തുടങ്ങിയ എല്ലാ മേഖലകളിലും ചക്ളിയ സമുദായം വിവേചനം നേരിടുന്നതായാണ് സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നത്. വിദ്യാഭ്യാസമേഖലയിലും തൊഴില്‍ മേഖലയിലുമെല്ലാം വിവേചനം വളരെ പ്രകടമാണ്. വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ചക്ളിയ സമുദായക്കാര്‍ക്ക് ശുചീകരണ തൊഴില്‍ മാത്രമെ നല്‍കിയിട്ടുള്ളൂ. മിക്കവാറും പേര്‍ക്ക് ഭൂമിയില്ല. 24 കുടുംബങ്ങള്‍ക്ക് യു.ഡി.എഫ്. ഭരണകാലത്ത് ‘സീറോലാന്റ്ലെസ്സ്’ പദ്ധതിയനുസരിച്ച് ഭൂമി അനുവദിച്ചെങ്കിലും നാളിതുവരെ അത് നല്‍കിയിട്ടില്ല. നൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്ന കോവില്ലൂര്‍ കോളനിക്കാര്‍ക്ക് കമ്മ്യൂണിറ്റി ഹാള്‍ പോലുള്ള പൊതുഇടങ്ങളില്ല. വലിയ ജനസംഖ്യ ഉണ്ടെങ്കിലും ഒരു അംഗന്‍വാടി മാത്രമാണുള്ളത്. ജാതി വിവേചനം കാരണം കുട്ടികള്‍ പഠനം നിര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വസ്തുതകളാണ് അന്വേഷണസംഘം പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് മലയാളിയെ ഞെട്ടിക്കേണ്ടത്. എന്നാല്‍ ഞെട്ടിക്കുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ചൂണ്ടികാട്ടാം. വട്ടവടയിലേതിനു സമാനമായിരുന്നു പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരത്തുനിന്ന് പുറത്തുവന്നത്. അവിടേയും ചക്ലിയസമുദായത്തില്‍ പെട്ടവര്‍ക്കെതിരെ ക്രൂരമായ അയിത്തമാണ് നിലനില്‍ക്കുന്നത്. പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാന്‍പോലും അവര്‍ക്ക് കഴിയുമായിരുന്നില്ല. ആരുമതില്‍ അസ്വാഭാവികതയും കണ്ടില്ല. ചക്ലിയരില്‍ ഭൂരിഭാഗവും ഭൂരഹിതരാണെന്നു പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. ഒരു പ്രണയവുമായി ബന്ധപ്പെട്ട കോലാഹലങ്ങളിലൂടെയാണ് ഈ അയിത്താചരണത്തിന്റെ കഥ പുറത്തുവന്നതും ദളിത് വിഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നതും.

ഈ രണ്ടുപ്രദേശങ്ങളും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായതുകൊണ്ടാണ് സംഭവിച്ചതെന്നു പറഞ്ഞ് കുറ്റം തമിഴരുടെ തലയില്‍ വെക്കാനുള്ള പ്രവണതയും കണ്ടു. നമ്മുടെ സ്ഥിരം പരിപാടി അതാണല്ലോ. എന്നാല്‍ യാഥാര്‍ത്ഥ്യം എന്താണ്? ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ അഥവാ കൊലപാതകം നടന്നത് മധ്യകേരളത്തില്‍ സാസ്‌കാരിക തലസ്ഥാനം എന്നു പുകള്‍പെറ്റ തൃശൂരിലാണല്ലോ. മുടി നീട്ടിവളര്‍ത്തിയതും മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചതും ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചതുമൊക്കെയായിരുന്നു വിനായകന്‍ ചെയ്ത കുറ്റങ്ങള്‍.
അതിഭീകരമായ പോലീസ് പീഡനങ്ങളും മാനസികപീഡനങ്ങളുമായിരുന്നു വിനായകനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉത്തരേന്ത്യയില്‍ നടക്കുന്ന ജാത്യാഭിമാനകൊലകളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന മലയാളികളുടെ നാട്ടിലാണല്ലോ കെവിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതും. വാസ്തവത്തില്‍ ദുരഭിമാനകൊലയെന്നല്ല, ജാതികൊലയെന്നുതന്നെയാണ് ഇവയെ വിശേഷിപ്പിക്കേണ്ടത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് സ്വന്തം പിതാവിനാല്‍ കൊലചെയ്യപ്പെട്ട ആതിരയെയും മറക്കാറായിട്ടില്ലല്ലോ.
സ്വന്തം മകള്‍ക്കെതിരെയല്ല, ദളിത് സമുദായത്തിനുനേരെയായിരുന്നു അയാള്‍ കത്തി വീശിയത്. അവസാനം ആതിരയുടെ അമ്മയും സഹോദരനും കോടതിയില്‍ കൂറുമാറി, ഈ ജാതിവ്യവസ്ഥയോട് കൂറുപുലര്‍ ത്തിയതും നാം കണ്ടു. ഇവയും ഒറ്റപ്പെട്ട സംഭവങ്ങളല്ലോ. എസ് / എസ് ടി വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തി പുരോഗമനവിവാഹത്തിന്റെ പരസ്യങ്ങളും കമ്യൂണിറ്റി മാട്രിമോണിയല്‍ സ്ഥാപനങ്ങളും നിറയുന്ന ഒരു നാടിന്റെ യാഥാര്‍ത്ഥ്യമെന്തെന്നാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്. കവി കുരീപ്പുഴ പറഞ്ഞപോലെ, പുറത്തു ധരി്ക്കുന്ന ചെരിപ്പുകള്‍ പുറത്തുതന്നെ വെച്ച് അകത്ത് വേറം ചെരിപ്പ് ധരിക്കുന്നവരാണല്ലോ പ്രബുദ്ധ മലയാളികള്‍.

ഇനി ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസരംഗത്തേക്കുവന്നാലോ? കോഴിക്കോട് ജില്ലയിലെ സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകളിലൊന്നായ പേരാമ്പ്രയിലെ ഗവ: വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ 2016-17ല്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അവിടെ ആചരിച്ചിരുന്ന അയിത്തത്തിന്റെ പേരിലായിരുന്നു. 1957 മുതല്‍ നിലനില്‍ക്കുന്ന ഈ സ്‌കൂളില്‍ ആകെയുണ്ടായിരുന്നത് പറയ സമുദായത്തിലെ 11 കുട്ടികളും ഒരു അദ്ധ്യാപികയുടെ കുട്ടിയും അടക്കം 12 കുട്ടികളായിരുന്നു. 200 കുട്ടികള്‍ വരെ ഇവിടെ പഠിച്ചിരുന്ന കാലമുണ്ടായിരുന്നു. 90കളോടെയാണ് സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ തുടങ്ങിയത്. 2000 ആയപ്പോഴേക്കും ദളിത് വിദ്യാര്‍ഥികളും നാമമാത്രം ഇതര വിഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്. സ്‌കൂളുകളില്‍ നിന്ന് അധ്യാപകര്‍ കുട്ടികളെ അന്വേഷിച്ച് വീടുകളിലേക്ക് പോകാന്‍ തുടങ്ങിയതോടെയാണ് രക്ഷിതാക്കളുടെ മനസ്സിലെ ജാതീയത പുറത്തുചാടിയത്. സാംബവകോളനികളിലെ കുട്ടികളോപ്പം പഠിക്കാന്‍ തങ്ങളുടെ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ തയ്യാറായിരുന്നില്ല. അവരില്‍ എല്ലാ മത – രാഷ്ട്രീയക്കാരും ഉണ്ടെന്ന് പ്രത്യേകിച്ച് പയേണ്ടതില്ലല്ലോ. അയ്യങ്കാളി പഞ്ചമി എന്ന ദളിത് പെണ്‍കുട്ടിയുടെ കൈ പിടിച്ചു സ്‌കൂളിലേക്ക് കയറുന്നത് മുഖചിത്രമാക്കി ബജറ്റ് തയ്യാറാക്കിയ ഒരു സംസ്ഥാനത്താണ് ഇതു നടക്കുന്നത്. ഏകദേശം ഇതേസമയത്തായിരുന്നു മെട്രോനഗരത്തിനടുത്ത് ് വടയമ്പാടിയിലെ ജാതിമതില്‍ വിഷയം സജീവമായത്. എറണാകുളത്തുതന്നെ അശാന്തനെന്ന ദളിത് കലാകാരന്റെ മൃതദേഹത്തെ, ലളിത കലാ അക്കാദമി തന്നെ അനാദരിച്ച സംഭവവും മറക്കാറായിട്ടില്ലല്ലോ. ഓട്ടോ ഓടിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ദളിത് സ്ത്രീ ചിത്രലേഖ ഇപ്പോഴും പീഡനങ്ങള്‍ നേരിടുകയാണ്.

ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച് വാതോരാതെ ഇന്നും പ്രസംഗിക്കുന്ന നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിലെ അയിത്തവും ഇപ്പോഴും തുടരുകതന്നെയാണ്. നിയമത്തില്‍ എന്തു പറഞ്ഞാലും പൂജചെയ്യാനും ക്ഷേത്രകലകള്‍ക്കും ഇപ്പോഴും സവര്‍ണ്ണ പുരുഷന്മാര്‍ തന്നെ വേണം. ദളിത് കലാരൂപങ്ങളുടെ സ്ഥാനം മതില്‍കെട്ടിനു പുറത്താണ്.
ക്ഷേത്രപ്രവേശനത്തിനു തുടര്‍ച്ചയായി നടക്കേണ്ട, എല്ലാ മതസ്ഥര്‍ക്കും പ്രവേശനം എന്ന അവസ്ഥ എന്നാണാവോ ഉണ്ടാകാന്‍ പോകുന്നത്? ക്ഷേത്രത്തിനടുത്തെ പാതകളില്‍ കൂടി സഞ്ചരിക്കാനായി ഐതിഹാസിക സമരം നടന്ന ഇരിങ്ങാലക്കുട കുട്ടംകുളത്ത് അടുത്ത കാലത്ത് സവര്‍ണ്ണവിഭാഗങ്ങള്‍ വളച്ചുകെട്ടിയ വഴി തുറക്കാന്‍ വീണ്ടും ദളിത് പോരാട്ടം വേണ്ടിവന്നു. സാംസ്‌കാരികനഗരത്തിലുള്ള ക്ഷേത്രത്തില്‍, ബ്രാഹ്മണര്‍ക്ക് പ്രത്യേക ശുചിമുറി എന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തയിടെയായിരുന്നു. എല്ലാ പാര്‍ട്ടിക്കാരും ചേര്‍ന്നതാണ് ഇവിടത്തെ ക്ഷേത്രഭരണം. എന്തിനേറെ, ദളിത് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങളും കേരളത്തില്‍ അപൂര്‍വ്വമല്ലല്ലോ.

രാഷ്ട്രീയരംഗത്തും കടുത്ത ജാതിവിവേചനം തുടരുന്ന പ്രദേശം തന്നെയാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളും ഭരണനേതൃത്വത്തിലും പാര്‍ട്ടി നേതൃത്വങ്ങളിലും ദളിതരുണ്ടായിട്ടും ഇവിടത്തെ അവസ്ഥ എന്താണ്? ജാതിസംവരണത്തിനെതിരായ മീക്കങ്ങള്‍ ആദ്യം നടന്ന സംസ്ഥാനം മറ്റേതാണ്? ഇതുമായി ബന്ധപ്പെട്ട് എയ്ഡഡ്് മേഖലയില്‍ നടക്കുന്ന അനീതി സമാനതകളില്ലാത്തതാണ്. ദളിത് ഹര്‍ത്താലിനെതിരെ നടന്ന കോലാഹലങ്ങളും മറക്കാറായിട്ടില്ല. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ട ദളിതര്‍ക്ക് ഇനിയും നീതി ലഭിക്കാത്ത പ്രശ്‌നം ഇപ്പോഴെങ്കിലും ചര്‍ച്ചാവിഷയമായിട്ടുണ്ട്.
ലോകം പ്രശംസിച്ചു എന്നു പറയപ്പെടുന്ന കേരളമോഡലിന്റെ വിഹിതം ലഭിക്കാത്തവരായി ദളിതരും ആദിവാസികളും തോട്ടം തൊഴിലാലികളും മത്സ്യത്തൊഴിലാളികളും മറ്റും ഇപ്പോഴും തുടരുന്നു. സാഹിത്യ – സിനിമാ – കലാ മേഖലകളെടുത്താലും അയല്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ ദളിത് പ്രാതിനിധ്യം എത്രയോ തുച്ഛം. അവയെല്ലാം സവര്‍ണ്ണ സംസ്‌കാരത്തിന്റെ പതാകാവാഹകരാണ്. സോഷ്യല്‍ മീഡിയയിലെ അവസ്ഥയും വ്യത്യസ്ഥമല്ല.
എന്തുകൊണ്ട് നമ്പര്‍ വണ്‍ എന്നഹങ്കരിക്കുന്ന കേരളത്തില്‍ ദളിതരും പാര്‍ശ്വവല്‍കൃതരും ഇത്തരമൊരവസ്ഥ നേരിടുന്നു എന്ന ചോദ്യത്തെ ഇനിയെങ്കിലും അഭിസംബോധന ചെയ്യാന്‍ നാം തയ്യാറാകേണ്ടത്. ദളിതരടക്കമുള്ളവരുടെ സ്വത്വബോധത്തെ അംഗീകരിക്കാതിരിക്കുകയും സാമ്പത്തികമാത്രവാദത്തിലൂടേയും വര്‍ഗ്ഗസമരത്തിലൂടേയും എല്ലാ വിഷയങ്ങളും പരിഹരിക്കാമെന്ന നിലപാടുമാണ് അതിനൊരു പ്രധാന കാരണമെന്നു പറയേണ്ടിവരും. നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്കു പുറകെ ഇവിടെ ശക്തമാകേണ്ടിയിരുന്ന അംബേദ്കര്‍ രാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്തിയതും ചരിത്രം. അങ്ങനെയാണ് ”ദളിത് – ആദിവാസി’ വിഭാഗങ്ങള്‍ ”കര്‍ഷകതൊഴിലാളികളാ”യി മാറിയത്.
മണ്ഡല്‍ പ്രക്ഷോഭത്തോടുപോലും നമ്മള്‍ മുഖം തിരിച്ചുനിന്നതിന്റെ അടിസ്ഥാന കാരണവും മറ്റൊന്നല്ല. ജാതിക്കതീതരാണെന്ന മിഥ്യാബോധത്തില്‍ ഇന്നുപോലും ഈ വിഷയം തിരിച്ചറിഞ്ഞ് വിളിച്ചുപറയുന്നവരെ സ്വത്വരാഷ്ട്രീയക്കാര്‍ എന്നാക്ഷേപിക്കുന്നവര്‍ നിരവധിയാണല്ലോ. എന്നാല്‍ അത്തരത്തില്‍ ”കറുത്ത” സത്യങ്ങള്‍ വിളിച്ചുപറയുന്ന ഒരുവിഭാഗം ചെറുപ്പക്കാര്‍ കേരളത്തില്‍ ഉണ്ടായിവരുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു. കറുപ്പിനെ പ്രതീകവല്‍ക്കരിച്ചുകൊണ്ടുതന്നെയാണവര്‍ സമൂഹത്തോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ yes we have legs എന്ന പേരില്‍ നടന്ന കാമ്പയിനുമായി ബന്ധപ്പെട്ടുയര്‍ന്ന, ”എന്തുകൊണ്ട് ആ കാലുകള്‍ കറുപ്പാകുന്നില്ല” എന്ന ചോദ്യം. പുരുഷന്റെ സ്ത്രീവിരുദ്ധ കണ്ണുകളെ കാലുകള്‍ കൊണ്ടുനേരിടുമ്പോഴും ആ കാലുകള്‍ വെളുത്തതുമാത്രമാകുന്നതിന്റെ പുറകിലും ഒരു രാഷ്ട്രീയമുണ്ടെന്നാണവര്‍ വിളിച്ചു പറയുന്നത്. ആ വിളിച്ചുപറയലിന് മറുപടി പറയുന്നതായിരിക്കണം കേരളത്തിന്റെ ഭാവിരാഷ്ട്രീയ മുന്നേറ്റങ്ങള്‍. അല്ലെങ്കില്‍ അര്‍ത്ഥരഹിതമായി ‘പ്രബുദ്ധകേരളം’ എന്ന പല്ലവി ഉരുവിട്ട് നമുക്ക് കാലം കഴിക്കാം.

















