നവംബര്‍ ഇരുപതിന് ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് മാറ്റുരയ്ക്കുന്നത്
ദോഹ : ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ആതിഥേയരായ ഖത്തര്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ നേരിടും. ആദ്യ മത്സരം വിജയിച്ച് സ്വന്തം നാട്ടുകാരായ ആരാധകര്‍ക്ക് ആഹ്‌ളാദവും അഭിമാനവും പകരനാണ് ഖത്തറിന്റെ ലക്ഷ്യം.
ദോഹയിലെ അല്‍ ബയത് സ്റ്റേഡിയത്തില്‍ നവംബര്‍ ഇരുപതിന് പ്രാദേശിക സമയം വൈകീട്ട് ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.
നവംബര്‍ 21 ന് ഉദ്ഘാടനമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഫിഫ ലോകകപ്പ് സംഘാടക സമിതി യോഗം ചേര്‍ന്ന് നവംബര്‍ ഇരുപതിന് ഉദ്ഘാടനം എന്ന് തീരുമാനിക്കുകയായിരുന്നു.
ആദ്യമത്സരം ആതിഥേയ രാജ്യത്തിന്റെ ടീമിന്റേതെന്ന പരമ്പരാഗത കീഴ് വഴക്കമനുസരിച്ചാണ് ഇക്കുറിയും മത്സരം. നിലവിലെ ചാമ്പ്യന്‍മാരോ ആതിഥേയ ടീമോ ആണ് ഉദ്ഘാടന മത്സരത്തില്‍ സാധാരണ മാറ്റുരയ്ക്കുക. ഉദ്ഘാടന ചടങ്ങിനു പിന്നാലെയാണ് മത്സരം.
നവംബര്‍ 21 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സെനഗല്‍ നെതര്‍ലാന്‍ഡിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന ഈ മത്സരം വൈകീട്ട് ഏഴു മണിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് എടുത്തുവര്‍ക്ക് ഇ മെയിലില്‍ അറിയിപ്പ് അയച്ചിട്ടുണ്ട്.











