മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യ സിൻ ബിൻ ഹൈതം അൽ സഈദ് എത്തി. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിന്റെ പ്രധാന സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസമാണ് സന്ദർശിച്ചത്. ടീമിന്റെ പ്രകടനത്തിൽ ആത്മ വിശ്വാസം പ്രകടിപ്പിച്ച കിരീടാവകാശി ടീമിന് എല്ലാവിധ പിന്തുണയും നൽകുമെന്നും അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് ബസ്റയിൽ ഇറാഖിനെതിരെയും പത്തിന് മസ്കത്തിൽ ദക്ഷിണ കൊറിയക്കെതിരെയും ആണ് ഒമാന്റെ മത്സരങ്ങൾ.
കോച്ച് ജറോസ്ലാവ് സിൽ ഹവിയക്ക് കീഴിൽ നടക്കുന്ന പരിശീലനം പൂർത്തിയാക്കി ഒമാൻ ടീം അടുത്ത ദിവസംതന്നെ ഇറാഖിലേക്ക് തിരിക്കും. മത്സരങ്ങൾക്കായുള്ള ഒമാൻ ടീമിനെ കോച്ച് ദിവസങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. കടുത്ത ഗ്രൂപ്പിൽ ഉൾ പ്പെട്ട ഒമാന് എല്ലാ മത്സരങ്ങളും നിർണായകമായതിനാൽ ടീമിൽ പരിചയസമ്പന്നതക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഏഷ്യാ കപ്പിനും രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ടീമിനെ തന്നെയാണ് കോച്ച് നിലനിർത്തിയിട്ടുള്ളത്.