മസ്കത്ത്: ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിൽ ജോർദാനെ നേരിടാൻ ഒരുങ്ങി ഒമാൻ ടീം. കുവൈത്തിനെിരെ മിന്നും വിജയം നേടിയ ഒമാൻ ടീം അമ്മാനിലെത്തി. ജോർദാനിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഫഹദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍ അജിലിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് സംഘത്തിന് നൽകിയത്. ഒമാന്‍ സമയം രാത്രി എട്ടിന് അമ്മാൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. അമ്മാനിലെത്തിയ ടീം കോച്ച് റാശിദ് ജാബിറിന്റെ നേൃത്വത്വത്തിൽ പരിശീലനത്തിന് ഇറങ്ങുകയും ചെയ്തു.
കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീം വലിയ കടമ്പകൾ കടന്ന് ഇനിയും മന്നോട്ടുപോകാനുണ്ടെന്നും, വിജയത്തിന്റെ ആലസ്യത്തിൽ മുഴുകരുത് എന്നുമാണ് കളിക്കാർക്ക് നൽകിയിരിക്കുന്ന നിർദേശം. കളിക്കാർക്ക് ആർക്കും പരുക്കുകളില്ലാത്ത സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റത്തിനും സാധ്യതയില്ല, എങ്കിലും യുവതാരങ്ങൾക്ക് അവസരം നൽകും.
കുവൈത്തിനെതിരെ നടന്ന കളിയിൽ റെഡ്വാരിയേഴ്സ് നാലു തവണയാണ് ഗോളടിച്ചത്. ചുമതലയേറ്റെടുത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ ടീമിന്റെ മനോവീര്യം ഉയർത്തിയ കോച്ച് കഴിഞ്ഞ കളി അതിനുള്ള ഫലം നൽകി എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. തുടക്കം മുതൽ അവസാന നിമിഷംവരെ എതിരാളികളുടെ മേൽ സമ്പൂർണ ആധിപത്യം പുലർത്തിയ ടീം തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ അത് ഒമാന്റെ വിജയ ചരിത്രത്തിൽതന്നെ പുതിയ അധ്യായമായി കുവൈത്തിനെതിരെയുള്ള മത്സരം.
ചൊവ്വാഴ്ചത്തെ കളിയിലും വിജയപ്രതീക്ഷയിലാണ് ഒമാൻ. ഗ്രൂപ് ബിയില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ജോർദാന്‍ കരുത്തരായ എതിരാളികളാണ്. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയതിനാല്തന്നെ നാളെത്തെ മത്സരഫലം ജോർദാനും നിര്‍ണായകമാണ്.