ജിസിസി രാജ്യങ്ങളില്‍ നിന്നും ഷട്ടില്‍ സര്‍വ്വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു
ദോഹ : ലോകകപ്പിനുള്ള ഒരുങ്ങളുമായി ദോഹ, ഹമദ് വിമാനത്താവളങ്ങളും ഒപ്പം രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയും .
ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ ഒരുക്കളാണ് സജ്ജമാകുന്നത്. മേഖലയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേയും , പാര്‍ക്കിംഗ് ലോട്ടുകളും വിപുലീകരിച്ചു.
വെര്‍ച്വല്‍ ടവറിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുകയാണ്. പ്രതിദിനം എണ്ണൂറ് വിമാനങ്ങളാണ് ദോഹയില്‍ എത്തുന്നത്.
എന്നാല്‍, ലോകകപ്പ് ദിനങ്ങളില്‍ ഇത് 1600 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടേക്ക് ഓഫ് ലാന്‍ഡിംഗ് എന്നിവ സുഗമമായി നടത്താന്‍ രണ്ട് റഡാറുകളാണ് ഇപ്പോള്‍ അധികമായി സ്ഥാപിച്ചിരിക്കുന്നത്.
ഖത്തറിലെ ദോഹ, ഹമദ് രാജ്യാന്തര വിമാാനത്താവളങ്ങളുടെ നവീകരണം പൂര്‍ത്തിയായി വരുകയാണ്. ലോകമെമ്പാടും നിന്നുള്ള ഫുട്‌ബോള്‍ പ്രേമികളെ വരവേല്‍ക്കാന്‍ വിമാനത്താവളം പൂര്‍ണമായും സജ്ജമാകുന്നത് ഓഗസ്ത് അവസാന വാരത്തോടെയാണ്.
പ്രതിദിനം 16,000 പേര്‍ ഈ രണ്ടു വിമാനത്താവളങ്ങളിലുമായി എത്തുമെന്നാണ് വിമാനത്താവള അഥോറിറ്റി പ്രതീക്ഷിക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കളും നടത്തുമെന്ന് ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പ് ചീഫ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
ജിസിസി രാജ്യങ്ങളില്‍ നിന്നും കാണികളെ എത്തിക്കാന്‍ ഖത്തര്‍ എയര്‍വേസ് ഷട്ടില്‍ സര്‍വ്വീസുകള്‍ നടത്തും. മാച്ച് ഡേ ഷട്ടില്‍ എന്ന പേരിലാകും ഈ സര്‍വ്വീസ് നടത്തുക. ഖത്തറില്‍ താമസിക്കാതെ തന്നെ മത്സരം കണ്ട് മടങ്ങാനുള്ള സൗകര്യത്തിന് കളിയുടെ സമയക്രമം അനുസരിച്ചാകും ഈ ഷട്ടില്‍ സര്‍വ്വീസ് നടത്തുക.
വിമാനത്താവളത്തില്‍ നിന്നും നേരിട്ട് സ്റ്റേഡിയത്തിലേക്ക് മെട്രോ സര്‍വ്വീസ് വഴി കാണികളെ എത്തിക്കാനുള്ള സൗകര്യവും ഉണ്ടാകും. മത്സര ശേഷം കാണികള്‍ക്ക് ഗതാഗത കുരുക്കില്‍ പെടാതെ നേരിട്ട് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്.