ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ രാജ്യക്കാരായ തടവുകാർക്കാണ് മോചനം. ദുബായിലെ തിരുത്തൽ, ശിക്ഷാ സ്ഥാപനങ്ങളിൽ നിന്ന് വിവിധ രാജ്യക്കാരായ 1,518 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.
മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ താൽപര്യമാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ജയിൽ മോചിതരായവർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നേടാനും സാമൂഹിക ജീവിതം പുനരാരംഭിക്കാനുമുള്ള അവസരമാണ് മാപ്പ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പൊലീസുമായി സഹകരിച്ച് ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി അൽ ഹുമൈദാൻ പറഞ്ഞു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എമിറേറ്റിലെ ശിക്ഷണ- തിരുത്തൽ സ്ഥാപനങ്ങളിൽ കഴിയുന്ന 707 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 111 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാർക്ക് ബാക്കി കാലം അവരുടെ കുടുംബത്തോടൊപ്പം മികച്ച ജീവിതം നയിക്കാനുള്ള ഷെയ്ഖ് ഹമദിന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് മോചനമെന്ന് അധികൃതർ പറഞ്ഞു. നടപടിയെ ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ബിൻ ഗാനിം അൽ കഅബി ഷെയ്ഖ് ഹമദിന് നന്ദി പറഞ്ഞു.
സുപ്രീം കൌൺസിൽ അംഗവും അജ് മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു ഐമി അജ് മാനിലെ ജയിലുകളിൽ കഴിയുന്ന 207 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു.അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അജ്മാൻ ഭരണാധികാരിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചു. തടവുകാരെ വിട്ടയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1295 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.
