തിരുവനന്തപുരം: നാലാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.ആയുര്‍വേദത്തിന്റെ വിവിധ സാധ്യതകള്‍ വിശകലനം ചെയ്ത പരിപാടിയില്‍ 35 രാജ്യാന്തര പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരും, 150ല്‍ പരം ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരും സംവദിച്ചു. പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണത്തിലും പേപ്പറുകള്‍ അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞരുടെയും രാജ്യങ്ങളുടെയും എണ്ണത്തിലും പങ്കെടുക്കുന്ന വിവിധ സ്ഥാപനങ്ങളുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്തവണ ഫെസ്റ്റിവെലില്‍.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ എം എ ഐ), ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍, ആയുര്‍വേദ ഡ്രഗ്സ് മാനുഫാക്ടറേഴ്സ് അസോസിയേഷന്‍, കിസ്മ-സെല്ഫ് ഫിനാന്‍സിങ് മാനേജ്മന്റ് അസോസിയേഷന്‍ തുടങ്ങി കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളില്‍ നിന്നുള്ള രാജ്യത്തെ മുപ്പതി ലധികം സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും സഹകരണത്തോടെയാണ് ഗ്ലോബല്‍ ആയുര്‍ വേദ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
കോവിഡ് ചികിത്സയില്‍ ശ്രദ്ധ നേടി യുവ ഡോക്ടര്‍
തിരുവനന്തപുരം: ആയുര്‍വേദ മേഖലയില്‍ നിന്നും കോവിഡ് ചികിത്സ രംഗത്ത് ശ്രദ്ധേയയായി യുവ ഡോക്ടര്‍ ആതിര സുനീഷ്. 24 പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടെ കോവിഡ് ബുദ്ധിമുട്ടുകളുമായി സമീപിച്ച 437 രോഗികളെയാണു ഡോ.ആതിര ചികിസിച്ച് ഭേദമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നാലമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്ലില്‍ അവര്‍ പ്രബന്ധാവതരണം നടത്തി.
കോവിഡ് വ്യാപനം കേരളത്തില്‍ രൂക്ഷമാവുന്നതിനും മുന്‍പാണു ചൈനയില്‍ നിന്ന് എത്തിയ ഒരാളുടെ ആദ്യ കേസ് ആതിരയുടെമുന്നിലെത്തുന്നത്. പനിയുടെ ചികിത്സ നല്‍കി രോഗം ഭേദമായെങ്കിലും ഡോക്ടര്‍ക്ക് പകര്‍ന്ന് കിട്ടിയ കോവിഡിന്റെ ശാരീരിക പ്രായാസങ്ങള്‍ മാറാന്‍ഒരുമാസ ത്തോളം സമയമെടുത്തു. പൂര്‍ണമായും ആയുര്‍വേദത്തിലൂടെ രോഗം ഭേദമായി.
പിന്നീട് കോവിഡിനെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതിരോധത്തിനായി ജീവിത ശൈലിയില്‍ വരുത്തേണ്ട മാര്‍ഗാനിര്‍ദേശങ്ങള്‍ വെബിനാറുകള്‍ വഴി രോഗികളിലേക്ക് എത്തിച്ചു. അതിനിടയില്‍ യാദൃശ്ചികമായി, പോസിറ്റീവ് ആയ രോഗികള്‍ ആയുര്‍വേദ ചികിത്സാ തേടി വന്നതിനെ തുടര്‍ന്നാണ് ചികിത്സാ ആരംഭിക്കുന്നത്. ഇതിനു വേണ്ട പരിശീലനങ്ങള്‍ ആതിര നേടി. എറണാകുളം വഴക്കലയിലെ ഔഷധി എന്ന് അറിയപ്പെടുന്ന സ്പിരിച്വല്‍ ട്രീ ആയുര്‍വേദ സെന്ററിലെ ഡോക്ടറായ ആതിര സുനീഷ് നാടിപരിശോധയിലൂടെ രോഗത്തിന്റെ മൂലകരണം കണ്ടെത്തി ആയുര്‍വേ ദവും യോഗയും ചിട്ടയായ ആഹാര രീതിയും ജീവിത ചര്യയും സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് ചെയ്തു വരുന്നത്.
പുതിയ ആരോഗ്യ സംരക്ഷണ മാതൃക;
ലോകത്തെ ഇന്ത്യ നയിക്കണം
തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ പുതിയ ആരോഗ്യ സംരക്ഷണ മാതൃക സൃഷ്ട്ടിക്കുവാന്‍ ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് സൗക്യ മാനേജിങ് ഡയറക്ടര്‍ ഡോ.ഐസക് മത്തായി. അന്തരാഷ്ട്ര ആയുര്‍വേദ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ശാസ്ത്രത്തിനെയും പരമ്പരാഗത വിഞ്ജാനത്തിനെയും സംയോജിപ്പിച്ചു കൊണ്ട് പുതിയ ആരോഗ്യ സംവിധാനം വികസിപ്പിക്കാന്‍ ഇന്ത്യക്കാണു സാധിക്കുന്നത്. ഈ മേഖലയില്‍ ഗവേഷണ കേന്ദ്രങ്ങളും തുടങ്ങണം. ആയുര്‍വേദ ഡോക്ടര്‍മാര്‍ അലോപ്പതി രീതികള്‍ അനുകരിക്കുന്ന പ്രവണത നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് വൈദ്യ ശാസ്ത്രമാണെങ്കിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ തിരിച്ചറിഞ്ഞുവേണം ചികിത്സിക്കാനെന്ന് സ്വിറ്റ്‌സ് ആയുര്‍വേദ മെഡിക്കല്‍ അക്കാദമി(സ്വിറ്റ്‌സര്‍ലാന്‍ഡ്) ഡയറക്ടര്‍ ഡോ.മൈക്കിള്‍ ഡിക്‌സണ്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദമാണു ഇത്തരം തത്വശാസ്ത്രങ്ങള്‍ മുന്നോട്ട് വെക്കുന്നത്. പാശ്ചാത്യ വൈദ്യശാസ്ത്രം വര്‍ഷങ്ങള്‍ പഴക്കമുള്ള ആയുര്‍വേദത്തില്‍ നിന്ന് പലതും പഠിച്ചുകൊണ്ടിരിക്കുകയാണു. വ്യക്തി കേന്ദ്രീകൃതമായ ചികിത്സാരീതികള്‍ വികസിച്ച് വരുന്നുണ്ട്.
മോളിക്യുലാര്‍ ബയോളജി, കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി, ബയോടെക്‌നോളജി എഞ്ചിനീയറിങ് തുടങ്ങിയ ശാസ്ത്ര വിഷയങ്ങളില്‍ ആയുര്‍വേദ ത്തിന്റെ ഗവേഷണ സാധ്യതകളെ കുറിച്ചും സെമിനാര്‍ വിശകലനം ചെയ്തു. ഡോ. ഋഷികേശ്, ഡോ.ലത ഡാമ്ലേ, ഡോ.മനോജ് കലൂര്‍, പ്രൊഫ സര്‍ ദീപക് രാംജി, ഡോ.ഭരത് ബി.ആര്‍, ഡോ.ശിവശങ്കര്‍ ബാലസുബ്രമണ്യന്‍, ഡോ.വാമന റാവു തുടങ്ങിയവര്‍ സംസാരിച്ചു.
വിദേശ രാജ്യങ്ങളിലേക്ക് ആയുഷിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം
തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ വികാസത്തിനു വേണ്ടി വിദേശരാജ്യങ്ങളില്‍ ആയുഷിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് വിദഗ്ധര്‍ . നാലമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആയുര്‍വേദ മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ ഒത്തുചേര്‍ന്ന പരിപാടിയിലാണു ആവശ്യം ഉയര്‍ന്നത്.
യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും ഉള്‍പ്പെടെ ആയുര്‍വേദത്തിനും മറ്റ് പരമ്പരാഗത ചികിത്സക്കുമുള്ള പ്രാധാന്യം വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യ രംഗത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതും പ്രഫഷണല്‍ പരിശീലനത്തിന്റെ കുറവും വെല്ലുവിളിയാണ്. അലോപ്പതി ചികിത്സാരംഗത്തുള്ള ആശുപത്രികളില്‍ തന്നെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താം. ഈ മേഖലയില്‍ വ്യക്തമായ ഒരു ഘടനയും ചട്ടക്കൂടും ആയുഷ് ഇടപെട്ട് ഉണ്ടാക്കണമെന്ന അഭിപ്രായവും അവര്‍ മുന്നോട്ട് വെച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് ആയുര്‍വേദ മേഖലയില്‍ ഗവേഷണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് സ്വിറ്റ്‌സ് ആയുര്‍വേദ മെഡിക്കല്‍ അക്കാദമി (സ്വിറ്റ്‌സര്‍ലാന്‍ഡ്)ഡയറക്ടര്‍ ഡോ.മൈക്കിള്‍ ഡിക്‌സണും, സൗക്യ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഐസക് മത്തായിയും ആശയങ്ങള്‍ പങ്കുവെച്ചു. വിദേശ രാഷ്ട്രങ്ങളില്‍ ആയുഷ് ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഇന്ത്യ മുന്നോട്ട് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാന്‍ ബേബി മാത്യു സോമതീരം, ഡോ.ഇ പി ജീവന്‍(ജര്‍മ്മനി) ഡോ.അജിത്(സിംഗപ്പൂര്‍), ഡോ.ഇന്ദു രവീന്ദ്രനാഥ് (യു.കെ), ഡോ.ഹഫീല്‍(യു.എ.ഇ), ഡോ.ജയരാജന്‍ കെ(യു.എസ്.എ), ഡോ.ശിവരാമപ്രസാദ് (യു.എസ്.എ) ഡോ.ഷിബു വല്ലൊന്തറയില്‍(ജര്‍മ്മനി) ഡോ.സുദേവ് സി, ഡോ. വി മാധവചന്ദ്രന്‍, ഡോ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


















