ദുബായ് : മാറുന്ന കാലഘട്ടത്തിലെ പ്രതിഭകളെ കണ്ടെത്തുകയും അവരെ ശാക്തീകരിക്കുകയും ചെയ്യാൻ യുഎഇയിൽ നിന്ന് പുതിയൊരു ശക്തമായ വിദ്യാഭ്യാസ ചുവടുവെയ്പ്പ്. 10 കോടി ദിർഹം ചെലവിടുന്ന പഠന-പരിശീലന പദ്ധതിയിലൂടെ പുതിയ തലമുറക്ക് ആവശ്യമായ വൈദഗ്ധ്യങ്ങളും പരിശീലനവും നൽകുകയെന്നതാണ് ലക്ഷ്യം. പദ്ധതിക്ക് സ്നൈഡർ ഇലക്ട്രിക് നേതൃത്വം നൽകും.
പദ്ധതിയുടെ ഉദ്ഘാടനം യുഎഇ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. നൂതന ആശയങ്ങൾ വികസിപ്പിക്കുകയും, ശാക്തീകരണം, നിക്ഷേപ ആകർഷണം, വിജ്ഞാനാധിഷ്ഠിതവും സുസ്ഥിരതാമൂല്യങ്ങളോടെയുള്ള ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ച എന്നിവ വഴി ദുബായിയെ ഭാവിയുടെ ആഗോള സമ്പദ് വ്യവസ്ഥാ കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം.
പദ്ധതി ദുബായ് സിലിക്കൺ ഒയാസിസിൽ സ്ഥിതിചെയ്യുന്ന 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്മാർട്ട് ഹെഡ്ക്വാർട്ടേഴ്സിലാണു നടപ്പിലാക്കുന്നത്. 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ കഴിവുകൾ, ഉപകരണങ്ങൾ, അനുഭവങ്ങൾ എന്നിവ ഉപയോഗിച്ച് പുതുതലമുറയെ സജ്ജമാക്കാൻ ശ്രമിക്കുന്നതാണ് സ്നൈഡർ ഇലക്ട്രിക്.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
- സുസ്ഥിരതാ അധിഷ്ഠിത വിദ്യാഭ്യാസം
- നവീന ഊർജം, ഓട്ടമേഷൻ സാങ്കേതികവിദ്യകൾ അടങ്ങിയ ആധുനിക എൻജിനീയറിങ് ലാബുകൾ
- സർവകലാശാലകളും വ്യവസായ പങ്കാളികളും ഉൾപ്പെടുന്ന മെന്റർഷിപ്പും അപ്ലൈഡ് റിസർചും
- നൂതന ആശയങ്ങളെയും യുവപ്രതിഭകളെയും പരിപോഷിപ്പിക്കുന്ന സംയോജിത അപ്‌സ്‌കില്ലിങ് പരിശീലന പരിപാടികൾ
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, ദുബായുടെ ഭാവിയെ നിർമിക്കാൻ വലിയ കാതലായിരിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.