ആമസോണ്‍ ഉള്‍പ്പടെയുള്ള യുഎസ് കമ്പനികളുടെ ഓഹരികളാണ് സൗദി വെല്‍ത്ത് ഫണ്ട് വാങ്ങിക്കൂട്ടിയത്
റിയാദ് : യുഎസ്സില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന്നിടെ സൗദി അറേബ്യയുടെ വെല്‍ത്ത് ഫണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.
എഴുന്നൂറു കോടി യുഎസ് ഡോളറിന്റെ ഓഹരികളാണ് സൗദി വെല്‍ത്ത് ഫണ്ട് വാങ്ങിയത്.
ആമസോണ്‍ ഡോട്ട് കോം ഇന്‍കൊര്‍പറേഷന്‍, ആല്‍ഫബെറ്റ് ഇന്‍കൊപറേഷന്‍., ബ്ലാക്‌റോക് ഇന്‍കൊപറേഷന്‍., ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്‍ഡ് കമ്പനി എന്നിവയുടെ ഓഹരികള്‍ വാങ്ങിയവയില്‍ പെടും.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഓഹരി വിലകള്‍ ഇടിഞ്ഞ അവസരത്തിലാണ് സൗദിയുടെ നിക്ഷേപം.
ഫെയ്‌സ്ബുക്കിന്റെ ഉടമകളായ മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കൊര്‍പറേഷന്‍ , പേപാല്‍ ഹോള്‍ഡിംഗ്‌സ് ഇന്‍കോര്‍പറേഷന്‍, ഇലക്ട്രോണിക് ആര്‍ട്‌സ് ഇന്‍കോര്‍പറേഷന്‍, എന്നിവയുടെ നിലവിലെ ഓഹരികള്‍ കൂടാതെ അധികമായ നിക്ഷേപവും നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ടെക് കമ്പനികളുടെ ഓഹരികളില്‍മേലാണ് കൂടുതല്‍ നിക്ഷേപം എന്നതും ശ്രദ്ധേയമാണ്.
പിഐഎഫ് എന്ന പേരില്‍ അറിയപ്പെടുന്ന പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അദ്ധ്യക്ഷന്‍ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരനാണ്.
2025 ഓടെ ഓഹരികളിലെ നിക്ഷേപം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍ സൗദി നടത്തുന്നത്.
രണ്ടാം പാദത്തില്‍ ക്രൂഡോയില്‍ നിന്നുള്ള വരുമാനം ഇരട്ടിയായതിനെ തുടര്‍ന്നാണ് പുതിയ നിക്ഷേപം എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.