അബുദാബി : പുതുതായി നിയമിതയായ യുഎഇ കുടുംബ മന്ത്രി സന ബിൻത് മുഹമ്മദ് സുഹൈൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് കുടുംബങ്ങളെ ശാക്തീകരിക്കുന്നതിന് പുതിയ മന്ത്രാലയം രൂപീകരിച്ചതായി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. കുടുംബം ഒരു ദേശീയ മുൻഗണനയാണെന്നും പുരോഗതിയുടെ ആണിക്കല്ലും രാജ്യത്തിന്‍റെ ഭാവിയുടെ ഉറപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കുടുംബങ്ങളുടെ കെട്ടുറപ്പും വളർച്ചയും വർധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഐക്യവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ജനന നിരക്ക് ഉയർത്തുന്നതിനും സമഗ്ര ദേശീയ പരിപാടികളുടെ ആവശ്യകത എന്ന വിഷയത്തിൽ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദിന്‍റെ നിർദ്ദേശങ്ങൾ അടുത്തിടെ നടന്ന വാർഷിക യോഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സുപ്രധാന ദേശീയ വിഷയത്തിൽ പുതിയ മന്ത്രാലയത്തെ ചുമതലപ്പെടുത്തുമെന്നും ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
അതേസമയം, സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ പേര് സാമൂഹിക ശാക്തീകരണ മന്ത്രാലയം എന്നാക്കി മാറ്റി. ഷമ്മ അൽ മസ്‌റൂയിയുടെ നേതൃത്വത്തിലാണ് ഈ മന്ത്രാലയം പ്രവർത്തിക്കുക.
