രണ്ടാഴ്ചയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ ഇരുന്നൂറു കടന്നു സൗദിയില്‍ 500 കേസുകള്‍
അബുദാബി : ഇടവേളയ്ക്ക് ശേഷം യുഎഇയിലും സൗദിയിലും പ്രതിദിന കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎഇയില്‍ 280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 259 പേര്‍ക്ക് രോഗം ഭേദമായി. മെയ് ആദ്യ വാരം പ്രതിദിന കോവിഡ് കേസുകള്‍ ശരാശരി നൂറായിരുന്നു. എന്നാല്‍, അറുപത് ദിവസമായി കോവിഡ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ 90.0764 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രോഗമുക്തി നേടിയവര്‍ 8,84,771. ആകെ മരണം 2,302
രാജ്യത്ത് 3,66,233 കോവിഡ് ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, സൗദി അറേബ്യയിലും കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 565 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
ഫെബ്രുവരി 28 ന് ശേഷം ഇതാദ്യമായണ് ഇത്രയും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9,104 ആയി.
കോവിഡ് രോഗികളുടെ ആകെ എണ്ണം 7,5580 ആയി. രോഗം ഭേദമായരുടെ എണ്ണം 7,42,677 ആണ്.
അവധി ദിനങ്ങളിലുണ്ടായ ആള്‍ക്കൂട്ടമാകാം രോഗ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പൊതു ഇടങ്ങളില്‍ മുഖാവരണം ആവശ്യമില്ലെന്ന ഇളവുണ്ടെങ്കിലും ആള്‍ക്കൂട്ടമുള്ള ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.