തിരുവനന്തപുരം : അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
കെപിഎംഎസ് നടത്തുന്ന അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11 ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അശോകൻ എകെ നഗർ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 16 ന് ഹരിപ്പാട്ടു നടക്കുന്ന അവിട്ടം ദിന ആഘോഷ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. 28 മുതൽ സെപ്റ്റംബർ 16 വരെ യൂണിയൻ തലങ്ങളിൽ സമൂഹസദ്യയും ശാഖാതലങ്ങളിൽ അയ്യങ്കാളിയുടെ ഛായാചിത്രങ്ങളിലും സ്മാരകങ്ങളിലും പുഷ്പാർച്ചനയും നടത്തുമെന്ന് കെപിഎംഎസ് ജനറൽ സെക്രട്ടറി ഹരിപ്പാട് എൻ.സതീന്ദ്രൻ അറിയിച്ചു.
ഭാരതീയ ദലിത് കോൺഗ്രസ് കവടിയാർ കൊട്ടാരം മുതൽ അയ്യങ്കാളി സ്ക്വയർ വരെ നടത്തുന്ന വില്ലുവണ്ടി യാത്ര രാവിലെ 10 ന് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും.