മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം ടി ശശി എന്നിവർ പരിശീലനം നൽകുന്ന ക്യാമ്പിന് യുഎഇ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഡിനേറ്റർ ശ്രീകുമാരി ആൻറണി എന്നിവർ നേതൃത്വം നൽകും.
നിലവിൽ 27 പഠനകേന്ദ്രങ്ങളും പരിശീലനം ലഭിച്ച ഇരുപത്തിയഞ്ചോളം അധ്യാപകരുമാണ് ഷാർജ മേഖലയിലുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന് ശേഷമാണ് മേഖലയിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്.
കോവിഡ് കാലത്തെ പഠനപ്രവർത്തനങ്ങൾ വിർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള മലയാളംമിഷൻ അധ്യാപകർക്ക് മലയാളം മിഷൻ പ്രത്യേകമായി ഡിജിറ്റൽ പരിശീലനവും നൽകിയിരുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മലയാളം മിഷൻ അതിന്റെ പഠന പ്രവർത്തനങ്ങൾ ലളിതവും സുഗമവുമാക്കി വേറിട്ട രീതിയിലാണ് ഇപ്പോൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. കൂടുതൽ വിദ്യാർഥികളുടെ പങ്കാളിത്തം സാധ്യമായതോടുകൂടി അതിനാവശ്യമായ അധ്യാപകരെ പരിശീലിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് പ്രത്യേകമായി ഇത്തരം അധ്യാപക പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്. പരമ്പരാഗത പഠന പ്രവർത്തനങ്ങളിൽ നിന്ന് വിഭിന്നമായി കുട്ടികളുടെ സമഗ്രമായ വളർച്ച ഉറപ്പാക്കി കൊണ്ടുള്ള പഠനപ്രവർത്തനങ്ങളാണ് മലയാളം മിഷൻ ലക്‌ഷ്യം വെക്കുന്നത് എന്നതിനാ ൽ പരിശീലനം ലഭിച്ച അധ്യാപകർക്ക് മാത്രമേ മലയാളംമിഷൻ പഠന കേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ കഴിയുകയുള്ളൂ.
നിലവിൽ യുഎഇ ചാപ്റ്ററിന് കീഴിൽ വിവിധ എമിറേറ്റുകളിലായി 4700 വിദ്യാർത്ഥികളും 326 അധ്യാപകരും, 154 പഠനകേന്ദ്രങ്ങളും ഉണ്ട്. ഭാഷയെ സ്നേഹിക്കുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അധ്യാപകരാണ് പഠനപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ള അംഗീകൃത സംഘടനകൾ, മറ്റു കൂട്ടായ്മകൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം കൂട്ടായ പരിശ്രമ ഫലമായാണ് മിഷൻ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നത്.