മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം മുഹമ്മദ് അൽ അബ്ബാസിയും സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.
ചർച്ചകൾക്കിടയിൽ, ബഹ്‌റൈനും യുഎസും തമ്മിലുള്ള ദീർഘകാല സുന്ദര ബന്ധവും ഫലപ്രദമായ സഹകരണവും, രണ്ട് രാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് അനുസൃതമായ ഏകോപനവും സംബന്ധിച്ച കാര്യങ്ങൾ ഉന്നയിക്കപ്പെട്ടു. ഈ ബന്ധം വിവിധ മേഖലയിലേക്കും ശക്തമായി വ്യാപിച്ചുപോകുകയാണെന്ന് ചെയർമാൻ അൽ സാലിഹ് പറഞ്ഞു.
അംബാസഡറുടെ ഭാവി നയതന്ത്ര ജീവിതത്തിനായുള്ള ആശംസകളും അദേഹത്തിന് അൽ സാലിഹ് നേരുന്നു. രണ്ടു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്താൻ അംബാസഡർ നടത്തിയ ശ്രമങ്ങൾക്കു അദ്ദേഹം അഭിനന്ദനവും രേഖപ്പെടുത്തി.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ വിവിധ മേഖലയിലുണ്ടായ പുരോഗതിയെ അൽ സാലിഹ് പ്രശംസിച്ചു. ബഹ്‌റൈൻ–യുഎസ് സഹകരണത്തിന്റെ ശക്തമായ തന്ത്രപരമായ ഘടനയും ദ്വീപിന്റെ ചരിത്രപരമായ ബന്ധവും അദ്ദേഹം ഓർമ്മിപ്പിച്ചു.
യു.എസ് സെനറ്റുമായും ജനപ്രതിനിധിസഭയുമായും പാർലമെന്ററി സഹകരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശൂര കൗൺസിലിന്റെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
ബഹ്‌റൈനിലെ പുരോഗതിയിലും സഹവർത്തിത്വം, സഹിഷ്ണുത തുടങ്ങിയ മൂല്യങ്ങൾ അനുഭവിക്കാനുള്ള അവസരം ലഭിച്ചതിലും അംബാസഡർ സ്റ്റീവൻ ആഹ്ലാദം പ്രകടിപ്പിച്ചു. പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കാൻ, വികസനം, സമൃദ്ധി എന്നിവയ്ക്കായി ഒത്തൊരുമിച്ചുള്ള ശ്രമങ്ങളിലൂടെ, ഒപ്പിട്ട കരാറുകളും ധാരണാപത്രങ്ങളും സജീവമാക്കാൻ രണ്ടുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.