Web Desk
തൃശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ട്. ആകെ 204 കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ 50 പേർക്ക് രോഗം ഭേദമായി. മൂന്നു പേർ മരിക്കുകയും ചെയ്തു. നിലവിൽ ചികില്‍സയില്‍ കഴിയുന്ന 151 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിച്ചു. രോഗം ബാധിച്ചതിന്‍റെ ഉറവിടം അറിയാത്ത കേസുകളും നിരവധിയാണ്. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.
എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ 12 ഡിവിഷനുകളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നാലു ചുമട്ടുതൊഴിലാളികള്‍ക്കു രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെനിന്നു മാത്രം നിരീക്ഷണത്തില്‍ പോയത്.അതേസമയം, തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ടി.എന്‍.പ്രതാപന്‍ എംപിയും അഭിപ്രായ ഐക്യത്തിലൂടെ നടപടികളാവാമെന്ന് കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എയും അറിയിച്ചു. ഇതിനായി ജില്ലാ ഭരണകൂടം മുന്‍കയ്യെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.