പ്രത്യേക അനുമതി പത്രമില്ലാതെ വിശുദ്ധ നഗരമായ മക്കയിലേക്ക് വിദേശികള്‍ക്ക് പ്രവേശനമില്ല
ജിദ്ദ : ഹജ്ജ് തീര്‍ത്ഥാടനം തടസ്സമില്ലാതെ നിര്‍വഹിക്കുന്നതിനും ചടങ്ങുകള്‍ക്കല്ലാതെ പുറത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുമാണ് പ്രത്യേക പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്.
പൊതുസുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പെര്‍മിറ്റ് നല്‍കുന്നത്. മക്ക നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിലെ ചെക് പോസ്റ്റില്‍ വെച്ചാകും പരിശോധന. പെര്‍മിറ്റില്ലാതെ വരുന്നവരെ തിരിച്ചയ്ക്കുമെന്ന് പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സമി അല്‍ ഷുവൈരിഖ് പറഞ്ഞു.
ജോലി ആവശ്യങ്ങള്‍ക്കും മറ്റും മക്കയില്‍ എത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിയിരിക്കണം.
ഉംറ പെര്‍മിറ്റ്, ഹജ്ജ് പെര്‍മിറ്റ്. മക്ക ജവാസാത്ത് നല്‍കുന്ന ഇഖാമ ഇവയിലേതെങ്കിലുമൊന്ന് വേണം പരിശോധന വേളയില്‍ ഹാജരാക്കാന്‍.
മക്കയില്‍ പ്രവേശിക്കേണ്ടവര്‍ ജവാസാത്ത് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കണം. തൊഴില്‍ വീസകളിലും സീസണ്‍ വീസകളിലും എത്തുന്നവര്‍ മക്കയിലെ വിവിധ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കാകും പെര്‍മിറ്റ് നല്‍കുക.
അപേക്ഷകള്‍ മൊബൈല്‍ ആപ്പായ അബ്ഷിര്‍ ഇന്‍ഡിവിജ്വല്‍സ് വഴി പെര്‍മിറ്റുകള്‍ ലഭിക്കും.