കെ.അരവിന്ദ്
ഭവനവായ്‌പയെടുത്തു കഴിഞ്ഞാല്‍ അതിന്റെ തിരിച്ചടവ് എങ്ങനെ ഏറ്റവും സുഗമമായി മുന്നോട്ടുകൊണ്ടുപോകണമെന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിമാസ ഇഎംഐ കൃത്യമായി തിരിച്ചടക്കുന്നതില്‍ മാത്രമല്ല, വായ്‌പാ ബാധ്യത കഴിയുന്നതും കുറച്ചുകൊണ്ടുവരുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്.
കൃത്യസമയത്ത് വായ്‌പ തിരിച്ചടക്കുന്നത് നിങ്ങളുടെ വായ്‌പായോഗ്യത മെച്ചപ്പെടുത്തും. ഇഎംഐ ഇടയ്‌ക്കിടെ മുടക്കുന്നയാളേക്കാള്‍ മികച്ച ക്രെഡിറ്റ് സ്‌കോര്‍ അത് കൃത്യമായി അടയ്‌ക്കുന്നയാള്‍ക്ക് നേടാനാകും. ഇഎംഐ മുടയ്‌ക്കുന്നത് കനത്ത പിഴ നല്‍കുന്നതിനും വഴിയൊരുക്കിയേക്കാം. ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനും കാരണമാകും. നീണ്ട കാലം ഇഎംഐ അടയയ്‌ക്കാതിരുനാനാല്‍ ഭവനം ബാങ്കോ ധനകാര്യ സ്ഥാപനമോ ജപ്‌തി ചെയ്യുന്നതില്‍ കലാശിക്കുന്നതിനാണ് വഴിവെക്കുക. അതിനാല്‍ ഇഎംഐ അടയ്‌ക്കുന്ന തീയതിയോട് അടുപ്പിച്ച് ആവശ്യമായ പണം അക്കൗണ്ടിലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ബോണസ്, ഡിവിഡന്റ് തുടങ്ങിയ ഇനങ്ങളില്‍ കൈവശം വരുന്ന പണം വായ്‌പ തിരിച്ചടക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരം തിരിച്ചടവുകള്‍ ഒന്നില്‍ കൂടുതല്‍ തവണ നടത്തുകയാണെങ്കില്‍ വായ്‌പാ കാലയളവ് ഗണ്യമായി കുറച്ചുകൊണ്ടുവരാനാകും. മൂലധനത്തിന്മേലുള്ള ഔട്ട്‌സ്റ്റാന്റിംഗ് ഉയര്‍ന്നിരിക്കുന്ന ആദ്യത്തെ വര്‍ഷങ്ങളില്‍ പ്രീ-പേമെന്റ് നടത്തുന്നതാകും ഉചിതം.
കാലയളവ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഭവന വായ്‌പ തിരിച്ചടക്കുന്നവര്‍ അങ്ങനെ ചെയ്യുന്നതു കൊണ്ട് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ ക്ക് ഗുണമുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ വായ്‌പാ ബാധ്യതയുടെ ഭാരം കുറയ്‌ക്കുന്നതിനായുള്ള നടപടികള്‍ക്ക് മുതിരാവൂ. വായ്‌പയുടെ കാലയളവ്, നല്‍കേണ്ടി വ രുന്ന പലിശ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ മാത്രമാണ് വായ്‌പ നേര ത്തെ അടച്ചുതീര്‍ക്കുന്നത് ലാഭകരമാണോയെന്ന് വ്യക്തമാകുന്നത്.
ഭവനം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് ഭൂരിഭാഗം മാസശമ്പളക്കാരും ആശ്രയിക്കുന്നത് വായ്‌പയെ ആണ്. ഭവനവായ്‌പ ആദായനികുതി ലാഭിക്കുന്നതിനുള്ള മികച്ച ഒരു മാര്‍ഗം കൂടിയാണ്. നികുതി ഇളവ് നേടിത്തരുന്ന പദ്ധതികളില്‍ നിക്ഷേപം നടത്താതെ തന്നെ നികുതി ബാധ്യതയുടെ വലിയൊരു പങ്ക് ഒഴിവാക്കാനാകുമെന്നതാണ് ഭവനവായ്‌പ നികുതിദായകര്‍ക്ക് നല്‍കുന്ന സൗകര്യം.
വായ്‌പയെടുത്തവര്‍ക്ക് പലിശനിരക്ക് ഉയരുന്ന സാഹചര്യം അധിക സാമ്പത്തിക ബാ ധ്യതയാണ് വരുത്തിവെക്കുന്നത്. പലിശനിരക്ക് ഉയരുമ്പോള്‍ വായ്‌പ എടുത്തവര്‍ക്ക് ര ണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, തുല്യമാസഗഡുവായി അടക്കുന്ന തുക വര്‍ധിപ്പിക്കുക. രണ്ട്, വായ്‌പാ കാലാവധി ദീര്‍ഘിപ്പിക്കുക. ചെലവുകള്‍ നിയന്ത്രിക്കേണ്ടി വന്നാലും ഇ തില്‍ ആദ്യത്തെ മാര്‍ഗം അവലംബിക്കുന്നതാണ് ഉചിതം. കാരണം വായ്‌പാ കാലാവധി വര്‍ധിപ്പിക്കുന്നത് സാമ്പത്തിക ബാധ്യത ഗണ്യമായ തോതില്‍ കൂടുന്നതിനാണ് വഴിവെക്കുന്നത്.
വായ്‌പാ കാലയളവ് ദീര്‍ഘിപ്പിക്കുന്നതിന് അനുസരിച്ച് പലിശയിനത്തില്‍ നല്‍കേണ്ട തുക ഭീമമായി വര്‍ധിക്കുന്നത് വായ്‌പ എടുത്തവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയിടുക. അതിന് പകരം ദൈ നംദിന ചെലവ് കുറച്ചും മാസഗഡു ഉയര്‍ ത്തുക എന്ന മാര്‍ഗം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.














