പ്രമുഖ ഭക്ഷണ ശാല ശൃംഖലയുടെ അബുദാബിയിലെ ശാഖയാണ് അധികൃതര്‍ അടച്ചുപൂട്ടി മുദ്രവെച്ചത്
അബുദാബി : സ്വദേശികളുടെയും മറ്റും ഇഷ്ട ഭക്ഷണശാല മുനിസിപ്പല്‍ ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അടച്ചു പൂട്ടി മുദ്രവെച്ചു. ഇലക്ട്ര സ്ട്രീറ്റിലെ അല്‍ ഇബ്രാഹിം എന്ന പ്രമുഖ ഭക്ഷണ ശാലയാണ് അടച്ചത്.
ഇവിടെ ഭക്ഷണസാമഗ്രികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ സൂക്ഷിച്ചതായി അധികൃതര്‍ കണ്ടെത്തി.
മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് കാരണം. അബുദാബി അഗ്രികള്‍ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അഥോറിറ്റിയാണ് പരിശോധന നടത്തിയത്.
നേരത്തെ പരിശോധന നടത്തുകയും ഭക്ഷ്യ സാമഗ്രികള്‍ ശുചിത്വമില്ലാതെ സൂക്ഷിക്കുന്നത് കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നതായി അധികൃതര്‍ പറഞ്ഞു.
ഫ്രീസറില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കും മുമ്പ് മതിയായ രീതിയില്‍ അന്തരീക്ഷ ഊഷ്മാവിലേക്ക് എത്തുന്നതിനു മുമ്പ് പാചകത്തിനായി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇങ്ങിനെ ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.
ഭക്ഷ്യ സാമഗ്രികള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഇടങ്ങള്‍ ഒട്ടും ശുചിത്വം ഇല്ലാതെയായിരുന്നു. ഇത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഭക്ഷണശാല അടച്ചു പൂട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഇവരുടെ തന്നെ മദീനത്ത് സായിദ് ശാഖ 2011 ല്‍ അടച്ചു പൂട്ടിയിരുന്നു. ഭക്ഷണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറുകളില്‍ പാറ്റകളും, എലികളും വിഹരിക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സ്ഥാപനം അന്ന് അടച്ചു പൂട്ടിയത്.
പഴകിയ മാസംങ്ങളും മറ്റും സൂക്ഷിച്ചതിന് വന്‍ തുക പിഴയിട്ടു. 85 കിലോ മാംസം നശിപ്പിച്ചുകളയുകയും ചെയ്തു.
അബുദാബിയിലെ ഭക്ഷണ ശാലകള്‍ ശുചിത്വത്തിലും ഗുണനിലവാരത്തിലും അധികൃതര്‍ നല്‍കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകുുകയുള്ളുവെന്നും നിയമലംഘനം കണ്ടെത്തിയാല്‍ അടച്ചുപൂട്ടല്‍ പോലുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.












