ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കരുത്; കുവൈത്തിൽ പരിശോധന ശക്തമാക്കുന്നു
കുവൈത്ത് സിറ്റി: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കുന്നത് തടയാൻ സ്വകാര്യ, നിക്ഷേപ ഭവന മേഖലകളിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം. കുവൈത്ത് മുനസിപ്പാലിറ്റിയിലെ ഹവല്ലി, അൽ അഹമ്മദി ഗവർണറേറ്റ് വിഭാഗം ഡെപ്യൂട്ടി ജനറൽ ഫഹദ് അൽ ഷാറ്റിലി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രിവൻഷൻ സെക്‌ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ്, എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റിയുടെ ബ്രാഞ്ചുകളുടെ ഡയറക്ടർമാരുമായുള്ള സംയുക്ത യോഗത്തിലാണ് ഈ നിർദേശം നൽകിയിട്ടുള്ളത്.
ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കുന്നത് ജീവനും സ്വത്തിനും അപകടകരമാണ്. ലൈസൻസിൽ അനുവദിക്കാത്തതിനാൽ ഇങ്ങനെ ഉപയോഗിക്കുന്നത് നിയമലംഘനവുമാണ്. സ്വകാര്യ, നിക്ഷേപ ഭവനങ്ങളിലെ ബേസ്‌മെന്റുകൾ അംഗീകൃതമല്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത് കണ്ടെത്തിയതോടെയാണ് സംയുക്ത പരിശോധനാ ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം എടുത്തതെന്നും ഫഹദ് അൽ ഷാറ്റിലി പറഞ്ഞു.