മസ്‌കത്ത്: ബിനാമി ബിസിനസുമായി ബന്ധപ്പെട്ട് ഒമാനിൽ 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നിയമവിരുദ്ധ വ്യാപാരത്തിനെതിരെയുള്ള ദേശീയ സംഘമാണ് നടപടി സ്വീകരിച്ചത്. മസ്‌കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിലുള്ള 581 വാണിജ്യ കമ്പനികളെയാണ് പരിശോധിച്ചത്. നിയമ ലംഘകർക്ക് 5,000 റിയാലാണ് പിഴ. നിയമലംഘനം രണ്ടാമതും ആവർത്തിച്ചാൽ പിഴ 10,000 റിയാലാകും.വ്യാപാര ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 410 കമ്പനികൾക്കെതിരെയാണ് നിയമവിരുദ്ധ വ്യാപാരത്തിനെതിരെയുള്ള ദേശീയ സംഘം പിഴ ചുമത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ലീസ് കരാറുകൾ തുടങ്ങിയ പ്രധാന രേഖകൾ സമർപ്പിച്ചുകൊണ്ട് 77 കമ്പനികൾ നടപടികളിൽ നിന്ന് ഒഴിവായി.
ബിനാമി വ്യാപാരം ഇല്ലാതാക്കുക, വിപണി നീതി പുനഃസ്ഥാപിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക. ലൈസൻസുകളുടെ ദുരുപയോഗം ഒഴിവാക്കുക എന്നിവയാണ് പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. വിദേശ നിക്ഷേപത്തിൽനിന്ന് പരിമിതപ്പെടുത്തിയിരിക്കുന്ന 106 വാണിജ്യ പ്രവർത്തനങ്ങളെയാണ് ഓഡിറ്റ് ലക്ഷ്യമിട്ടത്. അവയിൽ തയ്യൽ, കാർ അറ്റകുറ്റപ്പണികൾ, സലൂണുകൾ, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ മേഖലകൾക്ക് ചെറിയ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
അതേസമയം, ബിനാമി വ്യപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങണമെന്ന നിയമം കഴിഞ്ഞ വർഷം മുതൽ അധികൃതർ ശക്തമാക്കി തയുടങ്ങിയിരുന്നു. ഏതെങ്കിലും വിദേശി തങ്ങൾക്ക് ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ ഏതെങ്കിലും അംഗീകാരമുള്ള വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്‌ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം.
