ഡൽഹി : മയൂർ വിഹാർ ഫേസ് ഒന്നിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. ബാബു പണിക്കർ പ്രസിഡന്റും, കെ പ്രഭാകരൻ സെക്രട്ടറിയുമായ പുതിയ ഭരണ സമിതിയാണ് അധികാരമേറ്റത്. ജി എസ് നായർ, ശ്രീമതി രാജി എസ് വാര്യർ എന്നിവർ വൈസ് പ്രസിഡന്റും, എം പി. മണികണ്ഠൻ ട്രഷററുമാണ്. കെ രമേശൻ , പി.കെ ഉണ്ണികൃഷ്ണൻ, ആർ ശശിധരൻപിള്ള, രാജേഷ് വി മേനോൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.

ഡൽഹി മലയാളി ഡയറക്ടറിയുടെ രക്ഷാധികാരിയായ ബാബു പണിക്കർ കഴിഞ്ഞ 30 വർഷത്തോളമായി ഡൽഹിയിലെ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. കേരള എഡ്യൂക്കേഷൻ സൊസൈറ്റി ചെയർമാൻ ആയ അദ്ദേഹം ഡൽഹിയിലെ ഒട്ടേറെ സംഘടനകളുടെ ഭാരവാഹി കൂടിയാണ്. ടൂറിസം രംഗത്ത് പ്രശസ്തമായ പണിക്കേഴ്സ് ട്രാവൽസ് ഉടമയായ അദ്ദേഹം ഒട്ടേറെത്തവണ ദേശീയ ടൂറിസ്റ്റ് അവാർഡുകളും സ്വന്തമാക്കിയ വ്യക്തിയാണ്.
കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പേർക്ക് അന്നദാനം നടത്തി ‘മാനവസേവയാണ് മാധവസേവ ‘എന്ന സന്ദേശം സമൂഹത്തിന് നൽകിയ മുൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പിന്തുടരുമെന്ന് ചുമതലയേറ്റ പ്രസിഡന്റ് ബാബു പണിക്കർ പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തി വന്നിരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ നടത്തും. കോവിഡ് വൈറസ് വ്യാപനം പരമാവധി തടയുന്നതിനു വേണ്ടിയുള്ള എല്ലാ മാനദണ്ഡങ്ങളും പിന്തുടർന്നു തന്നെയായിരിക്കും ക്ഷേത്രത്തിലെ ആചാരങ്ങളും മറ്റു ദർശന സൗകര്യങ്ങളും ഒരുക്കുക. മാറിയ സാഹചര്യത്തിൽ ഓൺലൈനിലൂടെ പൂജകൾ ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗിച്ച് കൊണ്ട് തന്നെ ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ചുമതലയേറ്റ പ്രസിഡൻറ് ബാബു പണിക്കർ പറഞ്ഞു.