മനാമ: ഒമാൻ സന്ദർശിച്ച ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തി.അൽ ബർക്ക പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ സുൽത്താനും ഒമാനി ജനതക്കുമുള്ള ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകൾ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹമദ് രാജാവിനും ബഹ്റൈനിലെ ജനങ്ങൾക്കും സുൽത്താനും ആശംസകൾ നേർന്നു.
പ്രാദേശിക സംഭവവികാസങ്ങൾ, ഗൾഫ്, അന്തർദേശീയ വിഷയങ്ങൾ, സുൽത്താനേറ്റും ബഹ്റൈനും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ എന്നിവയുൾപ്പെടെ പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ബഹ്റൈൻ കാബിനറ്റ് കാര്യ മന്ത്രി ഫൈസൽ അൽ മാൽകി, ബഹ്റൈൻ അംബാസഡർ ഡോ. ജുമാ ബിൻ അഹമ്മദ് അൽ കാബി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
