ദമ്മാം : സൗദിയിലെ നഗരങ്ങൾക്കിടയിൽ നാവിഗേഷൻ സുഗമമാക്കുന്നതിനായി പുതുതായി വികസിപ്പിച്ച തദ്ദേശീയ മാപ്പിംഗ് ആപ്ലിക്കേഷൻ ‘ബലദ് പ്ലസ്’ പുറത്തിറക്കി. ത്രീഡി ഇന്റർഫേസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ആപ്ലിക്കേഷൻ, സൗദിയിലെ വിവിധ നഗരങ്ങളുടെ യാഥാർത്ഥ്യങ്ങളെയും മാറ്റങ്ങളെയും തത്സമയത്തിൽ പ്രതിഫലിപ്പിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
ദേശീയ ഹൗസിംഗ് കമ്പനി (NHC) ആണാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്‌തത്. നഗരങ്ങളിലെ ജീവത നിലവാരം മെച്ചപ്പെടുത്താനും, താമസക്കാർക്കും സന്ദർശകർക്കും ദൈനംദിന ഗതാഗതം സൗകര്യപ്രദമാക്കാനും ബലദ് പ്ലസ് ലക്ഷ്യമിടുന്നു.
റോഡുകൾ, സേവനങ്ങൾ, സർക്കാർ ഏജൻസികൾ, സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകുന്നതാണ്. അടച്ച റോഡുകൾ, വഴികളിലെ തടസ്സങ്ങൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അലേർട്ടുകളും, പ്രാദേശിക സമൂഹത്തിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും സംയോജിത ഡാറ്റകളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് മൊബിലിറ്റി സേവനങ്ങളും റോഡ് വിവരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക സംഭരണങ്ങളും ബലദ് പ്ലസ് വഴി ലഭ്യമാകും. രാജ്യത്ത് ഡിജിറ്റൽ മാപ്പിംഗ് സംവിധാനത്തെ ആധുനികതയിലേക്കും തദ്ദേശീയീകരണത്തിലേക്കും എത്തിക്കുന്ന വലിയ പടിയായി ഈ പ്രക്ഷേപണത്തെ അധികൃതർ കണക്കാക്കുന്നു.











