ഡെല്‍ഹി : ഡല്‍ഹി ബട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ആരിസ് ഖാന് (ജുനൈദ്) വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് ഡല്‍ഹി കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ആരിസ് ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 11 ലക്ഷം രൂപ പിഴയൊടുക്കണം. അതില്‍ 10 ലക്ഷം രൂപ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഡെല്‍ഹി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി വിധിച്ചു. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി വധശിക്ഷ വിധിച്ചത്.
കര്‍ത്തവ്യനിര്‍വഹണത്തിനിടെ ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദ് ക്രൂരമായി കൊല്ലപ്പെട്ട രീതി പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാ ണെന്നും കോടതി അഭിപ്രായപ്പെട്ടു. അഡിഷണല്‍ സെഷന്‍സ് ജഡ്ജ് സന്ദീപ് യാദവാണ് വിധി പറഞ്ഞത്.2008 സെപ്റ്റംബര്‍ 19നായിരുന്നു കേസി നാസ്പദമായ സംഭവം. സെപ്റ്റംബര്‍ 13ന് 26 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ സ്ഫോടന പരമ്പരകള്‍ക്കുശേഷം പൊലീസ് നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ജാമിയ നഗറിലെ ബട്ല ഹൗസില്‍ ഇന്‍സ്പെക്ടര്‍ മോഹന്‍ ചന്ദിന്റെ നേതൃത്വത്തില്‍ ഡെല്‍ഹി പൊലീസും ഇന്ത്യന്‍ മുജാഹിദിന്‍ ബന്ധമുള്ള ഭീകരരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. രണ്ട് മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ മോഹന്‍ ചന്ദും ഭീകരരെന്ന് ആരോപിക്കപ്പെടുന്ന അതീഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നീ വിദ്യാര്‍ഥികളും കൊലപ്പെട്ടു. ഷഹസാദ് അഹമ്മദ്, ആരിസ് ഖാന്‍ എന്നിവര്‍ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്നുമാണ് പൊലീസ് വിശദീകരണം. കേസില്‍ പിന്നീട് അറസ്റ്റിലായ ഷഹസാദ് അഹമ്മദിന് 2013ല്‍ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെ ഷഹസാദ് നല്‍കിയ അപ്പീല്‍ ഡെല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.










