ബഹ്‌റൈന്‍: ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റില്‍ ജോലി ചെയ്യുന്നവര്‍ നിയമവിരുദ്ധമായി മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) പരിശോധിക്കുന്നു.തൊഴിലാളികള്‍ക്ക് ഇഷ്ടാനുസരണം വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന സംവിധാനത്തിന് പുറത്ത് നിയമ വിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനാണ് നടപടി. അതോടൊപ്പം, ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് അനധികൃത തൊഴിലാളികളെ കണ്ടെത്താനും പരിശോധന നടത്തുന്നുണ്ട്.
നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റ് സംവിധാനത്തിലൂടെ രേഖകള്‍ ശരിയാക്കാന്‍ അനുവദിക്കില്ലെന്ന് എല്‍.എം.ആര്‍.എ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹന അല്‍ സഫര്‍ പറഞ്ഞു. ബഹ്‌റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലക്കേര്‍പ്പെടുത്തി ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 20 തൊഴില്‍ മേഖലകളില്‍ നിശ്ചിത മാനദണ്ഡങ്ങളും പ്രഫഷനല്‍ നിലവാരവും കൊണ്ടുവരുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ രണ്ടുമാസത്തിനകം വിദ്യാഭ്യാസ, പരിശീലന കാര്യങ്ങള്‍ക്കായുള്ള സുപ്രീം കൗണ്‍സിലിന് കൈമാറും.
സ്‌പോണ്‍സറുടെ അടുത്തുനിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ഫ്‌ളക്‌സി വര്‍ക്ക് പെര്‍മിറ്റ് എടുത്തോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറിയോ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് മന്ത്രി സഭ നേരത്തെ തീരുമാനമെടുത്തിരുന്നു.












