വിശ്വാസി സമൂഹത്തില്‍ ഒരുമയുടെ സന്ദേശം വിതയ്ക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് ആയിരങ്ങള്‍
കുവൈത്ത് സിറ്റി : അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ ഏറ്റവും വലിയ സമൂഹ നോമ്പുതുറ നടന്നു. നിരവധി സ്വകാര്യ കമ്പനികളും റെസ്റ്റൊറന്റുകളും ഒരുമിച്ചപ്പോഴാണ് വൊളണ്ടിയര്‍മാരുടെ സേവനത്തില്‍ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം അരങ്ങേറിയത്.
ഹുമാനിറ്റി വൊളണ്ടിയര്‍ കൂട്ടായ്മയുടെ അമരത്തുള്ള അലി സലാ കരാമിന്റെ ആശയം സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സാക്ഷാല്‍ക്കരിക്കുകയായിരുന്നു.
അല്‍റായിയിലെ ഫ്രൈഡേ മാര്‍ക്കറ്റിനുള്ളിലെ നിരത്തിലാണ് ഭക്ഷണം വിളമ്പാന്‍ മേശയും ഇരിക്കാന്‍ പരവതാനിയും നിരന്നത്. നോമ്പു തുറ സമയമായതോടെ 11,200 പേര്‍ എത്തി.
കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതെ പോയ ആശയം ഇക്കുറി ഗംഭീരമായി നടത്തുകയായിരുന്നു.
ഭക്ഷണസാമഗ്രികള്‍ നല്‍കിയവരില്‍ ചാരിറ്റി സംഘടനകളും ഉള്‍പ്പെടും. ഫുഡ് ബാങ്ക്, സംസംമാര്‍ക്കറ്റ്, ഖ്വാദ,അന്‍ഡ് ഖുദൗദ്, കുവൈത്ത് ഇന്‍ ഔര്‍ ഹാര്‍ട്‌സ്, ഫ്രൈഡേ മാര്‍ക്കറ്റ്, എമര്‍ജന്‍സി സെന്റര്‍, കമ്യൂണിറ്റി ഡെവല്പ്‌മെന്റ് അസോസിയേഷന്‍, ഇസ്ലാമിക് കെയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും നിരവധി റെസ്റ്റൊറന്റുകളും ഇഫ്താര്‍ സംഗമത്തിന് സഹകരണമേകി.