നോർക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒന്നര മാസം മുമ്പ് ലോഞ്ച് ചെയ്ത ഈ വെബ്സൈറ്റ് ഉപയോക്തൃ സൗഹൃദമല്ലെന്നാണ് പ്രവാസികളുടെ പരാതി. നിലവിലെ രീതി അനുസരിച്ച്, പുതിയ അംഗത്വ കാർഡ് ലഭിക്കുന്നതിനോ കാർഡ് പുതുക്കുന്നതിനോ രണ്ട് ഒടിപി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഒടിപി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് മൊബൈൽ നമ്പർ വഴിയുമാണ് ലഭിക്കുക. ഇത് മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ അറിയാത്തവർ, യൂസർ ഐഡി-പാസ്വേഡ് മറന്നുപോയവർ, പുതിയ സൈറ്റ് വഴി അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നവർ തുടങ്ങിയവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതേസമയം, നിലവിലുണ്ടായിരുന്ന ഫീസ് 10 ശതമാനം വർദ്ധിപ്പിച്ചിട്ടുമുണ്ട്. 315 രൂപയായിരുന്ന ഫീസ് ഇപ്പോൾ 408 രൂപയായി ഉയർത്തിയിരിക്കുന്നു. കഴിഞ്ഞ 18 വർഷത്തിനിടയിൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നത് ആദ്യമായിട്ടാണെന്ന് പ്രവാസികൾ പറയുന്നു. സാധാരണ ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ മതിയാവുമായിരുന്നു. എന്നാൽ ഇപ്പോൾ അംഗത്വം പുതുക്കുമ്പോഴോ പുതിയ കാർഡ് ലഭിക്കുമ്പോഴോ എൻആർഒ അക്കൗണ്ട് നമ്പർ ആവശ്യമാണ്. അതേസമയം, എൻആർഐ അക്കൗണ്ടുകൾ കൈവശമുള്ള പ്രവാസികളിൽ പലർക്കും ഈ നിയമം ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്.
കൂടാതെ, നോർക്ക ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാൻ വാട്സ്ആപ്പ് സൗകര്യം ഇല്ലാത്തതും പ്രവാസികൾക്ക് തിരിച്ചടിയാണ്. നിലവിൽ പ്രവാസികൾക്ക് സംശയങ്ങൾ തീർക്കാൻ യാതൊരു മാർഗവുമില്ലാത്ത അവസ്ഥയാണ്.