തിരുവനന്തപുരം : പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്  കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം അഴിമതി ആരോപണങ്ങള്‍  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ  ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ്  സഭയില്‍ കണ്ടത്.  സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടി.  ബ്രൂവറി ഡിസ്റ്റലറി , മാര്‍ക്് ദാനം സ്്പ്രിംഗ്‌ളര്‍ ,  ഇ മൊബലിറ്റി പമ്പാ മണല്‍ക്കടത്ത് ,  ബെവ് കോ ആപ്പ്,  സിവില്‍ സപ്‌ളൈസ് അഴിമതി,    തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി  മറുപടി പറഞ്ഞില്ല.  കേരളത്തിന്റെ കണ്ണായ ഭൂമികള്‍  കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി  നല്‍കുന്നതുമായി ബന്ധപ്പെട്ടുന്നയിച്ച അഴിമതിയാരോപണത്തിനും  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല.