യുഎഇയില്‍ വരും ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടുരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
അബുദാബി : രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ പൊടിക്കാറ്റാണ് വിവിധ എമിറേറ്റുകളില്‍ വീശിയടിക്കുന്നത്.
വിമാനങ്ങള്‍ പലതും റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 27 വിമാന സര്‍വ്വീസുകള്‍ റദ്ദു ചെയ്തതായാണ് വ്യോമയാന അഥോറിറ്റി അറിയിച്ചത്.
എയര്‍ ഇന്ത്യയുടേത് ഉള്‍പ്പെടെയുള്ള സര്‍വ്വീസുകളെ പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
പലയിടങ്ങളിലും ദൂരക്കാഴ്ച അഞ്ഞൂറു മീറ്റര്‍ പരിധിയിലും താഴെയായിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആളുകള്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാന്‍ പോലീസ് മുന്നറിയിപ്പും നല്‍കിയിരുന്നു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് അതിശക്തമായിരുന്നു.
കനത്ത ചൂടിനൊപ്പമാണ് പൊടിക്കാറ്റും വീശിയടിക്കുന്നത്. അവധി ദിനമായ ഞായറാഴ്ച പലരും താമസയിടങ്ങളില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല.
തിങ്കളാഴ്ച രാവിലെയും പൊടിക്കാറ്റിന് ശമനം ഉണ്ടായിരുന്നില്ല. യുഎഇയില്‍ പകല്‍ താപനില നാല്‍പ്പത് ഡിഗ്രിയ്ക്ക് മേലെയാണ്. വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.