പ്രീതി രഞ്ജിത്ത്
ശക്തമായ എഴുത്തിനു ഉടമയായ പ്രിയപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ കെ. ആര്‍ മീരയുടെ നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ . അബലകളായ കഥാപാത്രങ്ങള്‍ ചില സാഹചര്യങ്ങളില്‍ സ്വയം തിരിച്ചറിഞ്ഞു ശക്തരാവുന്നത് മീരയുടെ എഴുത്തുകളില്‍ കാണാം. വാക്കുകളിലെ ശക്തിയും അത് കഥാപാത്രങ്ങള്‍ക്കും അതിലൂടെ വായനക്കാര്‍ക്കും പകര്‍ന്നു നല്‍കുന്ന ഊര്‍ജവും മീരയുടെ എഴുത്തുകളെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നു.
ഇപ്പോഴും സ്വപ്നത്തിലുള്ള വലിയൊരു പുസ്തകത്തിന്റെ ഒരു ഭാഗം മാത്രമാണ് ജെസേബെല്ലിന്റെ കഥ എന്ന് എഴുത്തുകാരി തുടക്കത്തില്‍ പറഞ്ഞു വയ്കുന്നു. സ്ത്രീ മനസുകളും ജീവിതവും എത്ര എഴുതിയാലും അപൂര്‍ണ്ണമാകുന്ന മരീചികകള്‍ ആണെന്ന് എനിക്കു തോന്നാറുണ്ട്.
ദുര്‍ബലരായി മറ്റുള്ളവര്‍ക്കായി എല്ലാം സഹിച്ചു ജീവിക്കുന്ന സ്ത്രീകളെല്ലാം കരുത്തുള്ള മനസുള്ളവരാണെന്നും അനുഭവങ്ങള്‍ അവരിലെ കരുത്ത് സ്വയം തിരിച്ചറിയാന്‍ സഹായിക്കുമെന്നും ആ തിരിച്ചറിവ് അവരുടെ തീരുമാനങ്ങളെയും വ്യക്തിത്വത്തെയും ശക്തിയുള്ളവയാക്കുമെന്നും പറയുന്നവയാണ് മീരയുടെ നോവലുകള്‍.
ഇതിലെ നായികയായ ജെസ്സബേല്‍ ഒരു ഡോക്ടര്‍ ആയിരുന്നിട്ടുകൂടി സ്വന്തം അഭിപ്രായങ്ങളോ തീരുമാനങ്ങളോ പരിഗണിക്കപ്പെടാതെ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നവളാണ്, തന്റെ ഭര്‍ത്താവിനെ സ്നേഹിക്കാനും സഹിക്കാനും പരിധിക്കപ്പുറം ശ്രമിക്കുന്നവളാണ്, തന്റെ പരിഭവങ്ങള്‍ അവളുടെ നാല് ചുമരുകള്‍ക്കപ്പുറം പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നവളാണ്. ആദ്യപുറങ്ങളില്‍ നിസ്സഹായയായ ജസബേല്‍ പിന്നീടു ഉയര്‍ത്തെഴുന്നെല്‍ക്കുന്നു. ബൈബിളിലെ ജസബെല്ലിനെ കഥയിലെ ജെസ്സബെല്ലിനുള്ളിലേക്ക് ആവാഹിക്കുകയാണ് കഥാകാരി ചെയ്തിരിക്കുന്നത്. സൂര്യകിരണങ്ങള്‍ ഏറ്റ സൂര്യകാന്തി പോലെ തന്റെ ജീവിതം അഞ്ചു ഇതളുകള്‍ക്കുള്ളിലാക്കി സങ്കടങ്ങള്‍ക്കിടയിലും ശക്തയായി വിടര്‍ന്നു ശോഭിക്കാന്‍ അവള്‍ പഠിക്കുന്നു. ആദ്യം എന്നെപ്പോലെ നിന്നോടും സഹതാപം തോന്നിയെങ്കിലും ഹേ..ജസബേല്‍ നിന്നെ ഞാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നു.
“ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ വാടക ഗുണ്ടയ്ക്കു പണം കൊടുത്തവള്‍ എന്ന് കല്ലെറിയപ്പെട്ടു കുടുംബകോടതിയില്‍ നില്‍ക്കെ, ജെസബെല്ലിനു വെളിപ്പെട്ടത്, ക്രൂരപീഡാനുഭവങ്ങള്‍ മറികടക്കാന്‍ സ്വയം ക്രിസ്തുവായി സങ്കല്‍പ്പിച്ചാല്‍ മതി.’ എന്ന് പറഞ്ഞു തുടങ്ങുന്ന നോവല്‍ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.
ഈ നോവലിലെ ഹൃദയത്തില്‍ തട്ടിയ ചില വരികള്‍ , ചില സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കാം, എന്റെ മനസിനോട് ചേര്‍ന്ന് നില്ക്കുന്നവ!
“കരയരുത്, കരയരുത്, എന്നെ നോക്ക്, ഞാന്‍ കരയാറില്ല കരഞ്ഞിട്ടൊരു കാര്യവുമില്ല.കരഞ്ഞാല്‍ ഒരു പ്രശ്നവും തീരുകയുമില്ല.കണ്ണീരിന്റെ പേരില്‍ ഒരാളും നമ്മളെ കൂടുതല്‍ സ്നേഹിക്കുകയുമില്ല.”
ഭര്‍ത്താവായ ജെറോം മരയ്ക്കാരുടെ അമ്മയായ ലില്ലി മരയ്ക്കാര്‍ ജെസബെല്ലിനോട് പറയുന്ന വാക്കുകള്‍. നിസ്സഹായരായ രണ്ടു സ്ത്രീകളും അവര്‍ക്കുള്ളില്‍ പരസ്പരം തിരിച്ചറിവിനാൽ മാത്രം വളര്‍ന്നു വന്ന ഒരു അടുപ്പവും ഈ നോവലില്‍ കാണാം.
“രണ്ടു ആണുങ്ങള്‍ ഇണകളാകുമ്പോള്‍ അവരിലൊരാള്‍ സമൂഹം അനുശാസിക്കുന്ന പെണ്സ്വത്വം സ്വീകരിക്കും എന്നവള്‍ വായിച്ചിരുന്നു. പക്ഷെ അങ്ങനെ പെണ്ണാകുന്ന ആണും ഒരു പെണ്ണിന്റെ മുന്‍പില്‍ ആണായിത്തന്നെ നില്‍ക്കാന്‍ പാടുപെടുന്നത് അവളെ അമ്പരപ്പിച്ചു.” ജെസ്സബെല്ലിന്റെ വാക്കുകള്‍ !
ഒരുപക്ഷെ ഒരു പെണ്ണ് നേരിടുന്ന, പുറത്തുപറയാന്‍ പറ്റാതെ ഉള്ളിലൊതുക്കി നീറുന്ന ഏറ്റവും വേദനാജനകമായ നിസ്സഹായമായ അവസ്ഥ ഇതാകും എന്നെനിക്കു തോന്നി. തോന്നലല്ല , ഇതുതന്നെ ആണ്.
വിശ്വാസം എന്നാല്‍ പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യവുമാണ്. ആകയാല്‍ സഹോദരിമാരെ , മനുഷ്യപുത്രിമാരുടെ പുനരുത്ഥനവും അപ്രകാരം തന്നെയാകുന്നു.
ഇനി ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ചില വരികളുടെ പോകാം.
“ഉയര്പ്പിക്കപ്പെട്ട ജെസബേല്‍ അത്യധികം ഊര്‍ജ്ജത്തോടെ ആകാശത്തേക്ക് ഉയര്‍ന്നു. സൂര്യന്‍ ഉദിച്ചുയരുകയായിരുന്നു. ചുവന്നതും മനോഹരവുമായ രശ്മികള്‍ അവളെ ചൂഴ്ന്നു അവളില്‍ ലയിച്ചു. അവള്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയായി.
ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് വെളിപ്പെടുത്തുന്നതിനു വേണ്ടി ജെസ്സെബേല്‍ അവള്‍ക്കുതന്നെ നല്‍കിയ വെളിപാട്.
“ആകയാല്‍ സൂര്യനെ അണിഞ്ഞ സ്ത്രീ ഇനിയൊരിക്കലും വിലപിക്കുകയില്ല.!” എന്നു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്ന ഈ നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ജെസ്സെബേലെ, നിന്നിലേക്ക് പകര്‍ന്ന സൂര്യകിരണങ്ങള്‍ ഞാനും അണിഞ്ഞു പൂര്‍ണ്ണമായും എന്നില്‍ ലയിച്ചു കഴിഞ്ഞിക്കുന്നു.
നല്ലൊരു വായന സമ്മാനിച്ച് മനസോടു ചേര്‍ന്നിരിക്കുന്ന ഈ നോവല്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടും എന്നെനിക്കു ഉറപ്പുനല്കാനാവും.
പുസ്തകം : സൂര്യനെ അണിഞ്ഞ സ്ത്രീ
എഴുതിയത് : കെ ആർ മീര
പബ്ലിഷർ : ഡി സി ബുക്സ്
വില : 380 രൂപ