തിരുവനന്തപുരം: തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസ് വാതിലിലൂടെ പുറത്തിറക്കി. രാവിലെ 10.30 ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രിക്കാരുടെ കാബിനിൽ പുക ഉയർന്നത്.
യാത്രക്കാർ പരിഭ്രാന്തരായി ബഹളംവെച്ചതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ വിവരം കൈമാറുകയായിരുന്നു. ഉടൻ അഗ്നിരക്ഷ സേന വാഹനങ്ങളും സി.ഐ.എസ്.എഫ് കമാൻഡോകളുമെത്തി. തുടർന്ന് വിമാനത്തിന്റെ മധ്യഭാഗത്തുള്ള എമർജൻസി ഡോറിലൂടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
142 യാത്രക്കാരുമായുള്ള മസ്കത്ത് വിമാനം രാവിലെ 8.30 നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാണ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെടാൻ ഒരുങ്ങിയത്. അപ്പോഴാണ് കാബിനിലെ പുക പരിഭ്രാന്തി സൃഷ്ടിച്ചത്.
