കൊച്ചി: പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെന്നും സി ഐ വിനോദ് ഉൾപ്പെടെ കളിയാക്കി ചിരിക്കുകയാണ് ചെയ്തതെന്നും പൊന്നാനി പീഡനക്കേസിലെ അതിജീവിത. താൻ ഹണിട്രാപ്പിൻറെ ആളാണ്, നിത്യം പരാതിയുമായി പോകുന്ന ആളാണ് എന്നൊക്കെയാണ് സിഐ വിനോദ് പറഞ്ഞതെന്നും അതിജീവിത പറഞ്ഞു. ഡിവൈഎസ്പി വി വി ബെന്നിയെ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലരും വരാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
‘2022-ൽ കൊടുത്ത കേസാണ്. ചോദിക്കുമ്പോൾ പറയും നോക്കുന്നുണ്ട് അന്വേഷിക്കുന്നുണ്ട് എന്നൊക്കെ. അങ്ങനെയാണ് കേസ് ഡിവൈഎസ്പിക്ക് കൊടുത്തത്. ഡിവൈഎസ്പി അന്വേഷിക്കാമെന്നു പറഞ്ഞു. ഞാൻ വീണ്ടും ചെന്നപ്പോൾ കളിയാക്കി ചിരിച്ചു. അതവിടെത്തന്നെ ഉണ്ടാകുമെന്നു പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. തിരികെ വന്നു. ഞാൻ ഹണിട്രാപ്പിൻറെ ആളാണ്, നിത്യം പരാതിയുമായി പോകുന്ന ആളാണ് എന്നൊക്കെയാണ് പറഞ്ഞത്. സിഐ വിനോദാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. പാവങ്ങൾക്കും ജീവിക്കണ്ടേ. നല്ലതുപോലെ എന്നെ നാറ്റിച്ചിട്ടുണ്ട്. ഭർത്താവുപോലും എന്നെ ഒഴിവാക്കി. ബെന്നിയെ കേസിൽ നിന്ന് ഒഴിവാക്കിക്കൊടുക്കണം എന്നുപറഞ്ഞ് പലരും വരാറുണ്ട്’, പരാതിക്കാരി പറഞ്ഞു.
അതേസമയം, പൊന്നാനി പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശമാണ് ഹൈക്കോടതി ഉന്നയിച്ചത്. എഫ്ഐആർ എടുക്കാത്തത് ‘ഷോക്കിംഗ്’ ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി. സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
2022ൽ സിഐ വിനോദ് പീഡിപ്പിച്ച പരാതിയിൽ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്‌ട്രേറ്റ് വിഷയത്തിൽ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. ഉത്തരവിന്റെ പകർപ്പ് പൊന്നാനി മജിസ്‌ട്രേറ്റിന് നൽകാൻ ഹൈക്കോടതി രജിസ്ട്രാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഗുരുതര കുറ്റകൃത്യത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ലളിത കുമാരി കേസിലെ വിധിയിൽ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
മറുഭാഗം കേൾക്കാതെ കേസെടുക്കാനാവില്ലെന്ന സർക്കാർ വാദം കോടതി തള്ളി. പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തതയുണ്ടെന്നും പൊലീസ് റിപ്പോർട്ട് തേടിയ മജിസ്‌ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.










