സുധീര്‍നാഥ്
2020 ആഗസ്റ്റ് 30. ഉത്രാടം. ഓണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ ഇന്നായിരുന്നു ഉണ്ടാവേണ്ടത്. ഇന്നായിരുന്നു ത്യക്കാക്കര ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായ പകല്‍പ്പൂരം നടക്കേണ്ടിയിരുന്നത്. ഇത്തവണ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പകല്‍പ്പൂരമില്ല. അതുകൊണ്ട് തന്നെ പഴയ കാല പകല്‍പ്പൂര ഓര്‍മ്മകള്‍ ഓടി എത്തുക സ്വഭാവികം. എല്ലാ മതക്കാരും ഒരുമയോടെ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന് കുടുംബത്തോടെ എത്തുമായിരുന്നു. മുഹമ്മദും കുടുംബവും, തോമസും കുടുംബവും, രാജേന്ദ്രനും കുടുംബവും ഒന്നിച്ച് നിന്ന് പൂരം കാണും. ഇന്ന് പഴയ സ്ഥിതി അല്ല എന്നത് വളരെ വിഷമത്തോടെ എഴുതിച്ചേര്‍ക്കട്ടെ.
ത്യക്കാക്കര ക്ഷേത്രത്തിലെ പകല്‍പ്പൂരം പ്രദേശത്തെ കുട്ടികള്‍ക്ക് ഉത്സവത്തിന്‍റെ ഉത്സവമാണ്. എണ്‍പതുകള്‍ക്ക് മുന്‍പ് മൂന്ന് ആനകളും, പിന്നീട് അഞ്ചും, തൊണ്ണൂറുകളായപ്പോഴേയ്ക്കും ആനകളുടെ എണ്ണം ഒന്‍പതുമായി. എന്തായാലും ത്യക്കാക്കര ക്ഷേത്രപറമ്പില്‍ ആനകളുടെ എണ്ണം പകല്‍ പൂരത്തിന്‍റെ അന്ന് കൂടുതലായിരിക്കും. കുട്ടിയായിരിക്കുമ്പോള്‍ രാവിലെ അമ്പലപറമ്പില്‍ ഓടി എത്തുന്നതും, കൗതുകത്തോടെ ഓരോ ആനകളുടെ അടുത്ത് പോയി നില്‍ക്കുന്നതും ഒരു സംഭവം തന്നെയാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്പലപറമ്പില്‍ എത്തിയാല്‍ ആനകള്‍ പൂരത്തിനായി ഒരുങ്ങുന്നത് കാണാം.

പകല്‍പ്പൂരത്തിന്‍റെ അന്ന് ക്ഷേത്രത്തിന്‍റെ പറമ്പിന് ആനച്ചൂരുണ്ടാകും. ആനപ്പിണ്ടിയും, ആനമൂത്രത്തിന്‍റെ ചൂരും ക്ഷേത്ര പരിസരത്ത് വല്ലാതായി ഉണ്ടായിരുന്നു. ഉത്സവത്തിന്‍റെ മണമായിരിക്കും അതെന്ന് കുട്ടിക്കാലത്ത് വിശ്വസിച്ചിരുന്നു. രാവിലെ ആനകളെല്ലാം ക്ഷേത്രത്തിന് ചുറ്റും എഴുന്നള്ളും. ചെണ്ടയുടെ താളത്തില്‍ ആളുകള്‍ താളം പിടിക്കുമ്പോള്‍ കുട്ടിയായ ഞാന്‍ വലിയ മ്യഗമായ ആനയുടെ ചെവി ആട്ടലിന്‍റെ താളം നോക്കുമായിരുന്നു. ആനകള്‍ക്ക് മുന്നിലും പിന്നിലുമായി എപ്പാഴും കുറച്ച് കുട്ടികള്‍ കാണും. അതില്‍ ഒരുകാലത്ത് ലേഖകന്‍ സ്ഥിരമായി ഉണ്ടാകുമായിരുന്നു.
പകല്‍പ്പൂര ദിവസം ഒട്ടേറെ കച്ചവടക്കാര്‍ ക്ഷേത്രപ്പറമ്പില്‍ വരാറുണ്ട്. വളക്കടക്കാരും, ബലൂണ്‍ക്കാരും, പീപ്പിക്കാരും അങ്ങിനെ എത്ര തരം. ഇതിനിടയില്‍ ചെറിയ ചൂതാട്ട കളിക്കാരും ക്ഷേത്രത്തില്‍ സജീവമായിരുന്നു. പൈസകള്‍ക്കാണ് ചൂതാട്ടം. ഒരു വലിയ പെട്ടിയിലൂടെ സിനിമാ ഫിലിം നോക്കി കാണാനും പണം കൊടുക്കണമായിരുന്നു. വളപ്പൊട്ടുകള്‍ കൊണ്ട് വര്‍ണ്ണ വിസ്മയം കാണാവുന്ന കാലിഡോസ്ക്കോപ്പ് കുട്ടികള്‍ക്ക് കൗതുകമാണ്. ഇന്നത്തെ സോഫ്റ്റ് ടോയ്സല്ല, പകരം ബലൂണില്‍ നിര്‍മ്മിച്ച കുരങ്ങനും, ആപ്പിളും കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ഓണാഘോഷത്തിന് ത്യക്കാക്കര ക്ഷേത്രത്തില്‍ നിന്ന് റേഷനായി അത് ലഭിക്കും. അതിന് ഒരു ദിവസം ആയുസുണ്ടായാല്‍ ഭാഗ്യം.

പല നിറങ്ങളിലുള്ള മിഠായി വില്‍പ്പനയ്ക്ക് ക്ഷേത്ര മൈതാനത്ത് എത്തും. അത് കഴിച്ചാല്‍, കഴിക്കുന്ന മിഠായുടെ നിറത്തില്‍ നാവിന്‍റെ നിറം മാറും. അത് മറ്റുള്ള കുട്ടികളെ കാണിക്കുക ചിലരുടെ വിനോദം തന്നെയായിരുന്നു. ചിലര്‍ മദാമപൂട എന്നും മറ്റുചിലര്‍ പഞ്ഞി മിഠായി എന്നും, വേറെ ചിലര്‍ പഞ്ചാരപാവ് മിഠായി എന്നും പറയുന്ന മറ്റൊരു എറ്റൈം ക്ഷേത്രപറമ്പില്‍ വില്‍പ്പനയ്ക്കെത്താറുണ്ട്.
ത്യക്കാക്കരയിലെ പകല്‍ പൂരത്തിന് വലിയ ജനക്കൂട്ടമൊന്നും ആദ്യകാലങ്ങളില്‍ കണ്ടിട്ടില്ല. വളരെ കുറച്ച് ആളുകളെ സാക്ഷി നിര്‍ത്തി ആരംഭിക്കുന്ന പൂരം കാണാന്‍ വൈകുന്നേരം അഞ്ച് മണിയോടെ കുറച്ച് ആളുകള്‍ വരും. സ്ക്കൂള്‍ അവധിക്കാലത്ത് സ്ക്കൂളിലെ സഹപാഠികള്‍ ക്ഷേത്രത്തില്‍ പകല്‍പൂരം കാണുവാന്‍ എത്തിയത് ഓര്‍ക്കുന്നു. ആനകളുടെ എണ്ണം കൂടിവരുന്ന കാഴ്ച്ചയ്ക്ക് സാക്ഷിയാകാന്‍ സാധിച്ചു എന്നത് ഭാഗ്യം. ഒടുവില്‍ 2019ലെ പകല്‍പൂരം കാണുവാന്‍ വന്നപ്പോള്‍ ഒന്‍പത് ആനകള്‍…! പകല്‍പ്പൂരം കാണുവാന്‍ ആയിരങ്ങളെയാണ് കണ്ടത്…! ജനങ്ങള്‍ ഒഴുകി എത്തുന്നത് കൗതുകത്തോടെ നോക്കിയിരുന്നു.
2020 കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ ഉള്‍വലിപ്പിച്ചിരിക്കുന്നു. എവിടേയും ആഘോഷങ്ങളില്ല. ത്യക്കാക്കരയില്‍ ഉത്സവമുണ്ട്. ആഘോഷമില്ല. ആനകളില്ല. പണ്ട് കവി പാടിയത് ഒന്ന് കൂടി പാടാം….
ആനകളില്ലാതെ അമ്പാരിയില്ലാതെ
ആറാട്ട് നടക്കാറുണ്ടിവിടെ….